റെയില്‍ പാളത്തില്‍ എട്ടിടത്ത് കരിങ്കല്‍ ചീളുകള്‍; ഏറനാട് എക്‌സ്പ്രസ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 07:05 AM |
Last Updated: 13th January 2021 07:05 AM | A+A A- |
ഫയല്‍ ചിത്രം
ഫറോക്ക്: റെയിൽവേ പാളത്തിലെ കരിങ്കൽ ചീളുകൾ മൂലം ഉണ്ടാവുമായിരുന്ന ദുരന്തം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക്. കോഴിക്കോട് ഫറോക്കിന് സമീപം കുണ്ടായിതോട് ഭാഗത്തെ റെയിൽ പാളത്തിലാണ് എട്ടിടത്ത് കരിങ്കൽ ചീളുകൾ കണ്ടെത്തിയത്. കല്ലുകൾ ശ്രദ്ധയിൽപെട്ടതോടെ ഏറനാട് എക്പ്രസിലെ എൻജിൻ ഡ്രൈവർ ട്രെയിൻ വേഗം കുറച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. കുണ്ടായിത്തോട് റെയിൽവേ അടിപ്പാതയിൽ നിന്ന് മാറി പടിഞ്ഞാറ് ഭാഗത്താണ് രണ്ടാം പാളത്തിൽ കരിങ്കൽ ചീളുകൾ വെച്ചതായി കണ്ടെത്തിയത്. ട്രാക്കിലെതന്നെ കരിങ്കൽ ചീളുകളാണ് ഇവ. രണ്ടാം ട്രാക്കിലൂടെ വരുകയായിരുന്ന ഏറനാട് എക്സ്പ്രസ് എൻജിൻ ഡ്രൈവറുടെ ശ്രദ്ധയിൽ കരിങ്കൽ ചീളുകൾ കണ്ടതോടെ തീവണ്ടിയുടെ വേഗം കുറച്ച് കല്ലുകൾക്ക് മുകളിലൂടെ കടന്നുപോയി.
വണ്ടിയിലെ ജീവനക്കാർ കോഴിക്കോട് റെയിൽവേ പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ കുട്ടികൾ കളിക്കുമ്പോൾ വെച്ചതാവാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. വിശദമായി അന്വേഷിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.