ഉമ്മന്‍ചാണ്ടിക്ക് ഇളവ്; എംപിമാര്‍ക്ക് രണ്ടുപേരെ നിര്‍ദേശിക്കാം, രണ്ടുതവണ തോറ്റവരും നാലുതവണ ജയിച്ചവരും വേണ്ട; കോണ്‍ഗ്രസില്‍ ധാരണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 09:12 PM  |  

Last Updated: 17th January 2021 09:12 PM  |   A+A-   |  

oommen_ramesh

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണ. രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ ജയിച്ചവര്‍ക്കും സീറ്റ് നല്‍കില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ചില മുതിര്‍ന്ന നേതാക്കള്‍ക്കും ഇളവ് നല്‍കും. 

എംപിമാര്‍ക്ക് സീറ്റ് നല്‍കില്ല. എംപിമാര്‍ക്ക് രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കാം. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച സംസ്ഥാന നേതൃത്വുവുമായുള്ള ഹൈക്കമാന്‍ഡ് കൂടിക്കാഴ്ചയ്ക്ക് മുന്‍പാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡത്തിന്റെ കാര്യത്തില്‍ സംസ്ഥാന ഘടകം ഏകദേശ ധാരണയിലെത്തിയത്. 

ഹൈക്കമാന്‍ഡ് നേതൃത്വുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുമെന്ന പ്രചാരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളിയിരുന്നു. ഒരു ടേം ഉമ്മന്‍ചാണ്ടിക്ക് എന്നത് പ്രചാരണം മാത്രം. അത്തരത്തില്‍ ചര്‍ച്ചകളൊന്നം പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു

അധികാരം പങ്കുവെക്കുമെന്നത് വെറും മാധ്യമ സൃഷ്ടിമാത്രമാണ്. അന്തരീക്ഷത്തില്‍ അത്തരം അനാവശ്യമായ പ്രപാരണങ്ങള്‍ നടക്കുന്നുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു