ഒരു ടേം ഉമ്മന്‍ചാണ്ടിക്ക് എന്നത് പ്രചാരണം മാത്രം; മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കല്‍ മാധ്യമസൃഷ്ടിയെന്ന് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്ക് | Published: 17th January 2021 05:27 PM |
Last Updated: 17th January 2021 05:27 PM | A+A A- |

ഡല്‍ഹിയില്‍ രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരെ കാണുന്നു / ഫെയ്‌സ്ബുക്ക്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുമെന്ന പ്രചാരണം തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു ടേം ഉമ്മന്‍ചാണ്ടിക്ക് എന്നത് പ്രചാരണം മാത്രം. അത്തരത്തില്‍ ചര്‍ച്ചകളൊന്നം പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
അധികാരം പങ്കുവെക്കുമെന്നത് വെറുമാധ്യമ സൃഷ്ടിമാത്രമാണ്. അന്തരീക്ഷത്തില്‍ അത്തരം അനാവശ്യമായ പ്രപാരണങ്ങള്‍ നടക്കുന്നുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു
തെരഞ്ഞെടുപ്പു തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനു കോണ്‍ഗ്രസ് കേരള നേതൃത്വവുമായുള്ള ഹൈക്കമാന്‍ഡിന്റെ കൂടിക്കാഴ്ച നാളെ നടക്കും. ഇതിനായാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത്. ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നു വൈകിട്ടെത്തും.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയെയും സംസ്ഥാന നേതാക്കള്‍ കാണും.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാതലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, നിയമസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച മാനദണ്ഡങ്ങള്‍ എന്നിവ ചര്‍ച്ചയാകും. മോശം പ്രകടനം കാഴ്ചവച്ച ജില്ലാ നേതൃത്വങ്ങള്‍ അഴിച്ചുപണിയുന്നതും പരിശോധിക്കും.