സര്‍ക്കാരിന്റെ  ലക്ഷ്യം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍; വീണ്ടും ന്യായീകരണവുമായി അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 04:36 PM  |  

Last Updated: 17th January 2021 04:36 PM  |   A+A-   |  

amith_shah

കര്‍ണാടകയിലെ ബഗല്‍കോട്ടിലെ പ്രസംഗത്തിനിടെ അമിത് ഷാ

 

ബംഗളുരു:  പുതിയ കാര്‍ഷിക നിയങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെയാണ് കാര്‍ഷിക നിയമങ്ങളെ പ്രതിരോധിച്ച് അമിത് ഷാ രംഗത്തെത്തിയത്. കര്‍ണാടകയിലെ ബഗല്‍കോട്ടിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വാര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ലോകത്തും രാജ്യത്തെവിടെയും വില്‍ക്കാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്ന കേണ്‍ഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. അധികാരത്തിലിരുന്ന കാലത്ത് നിങ്ങള്‍ എന്തുകൊണ്ട് 6000 രൂപ പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കിയില്ല. പ്രധാന്‍മന്ത്രി ഫസല്‍ ഭീമാ യോജന, ഭേദഗതി വരുത്തിയ എഥനോള്‍ പോളിസി എന്നിവ എന്തുകൊണ്ട് അക്കാലത്ത് നടപ്പാക്കിയില്ലെന്നും അമിത് ഷാ ചോദിച്ചു. കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു.