അഴിച്ചുപണിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ; നിര്‍ണായക ചര്‍ച്ചക്ക് ഇന്ന് തുടക്കം; ഉമ്മന്‍ചാണ്ടിയുടെ പദവിയിലും തീരുമാനം

എംപിമാരും രണ്ട് തവണ തോറ്റവരും മത്സരിക്കേണ്ട എന്നതടക്കമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും  ഹൈക്കമാന്‍ഡുമായുള്ള നിര്‍ണ്ണായക ചര്‍ച്ച ഇന്ന് തുടങ്ങും. സ്ഥാനാര്‍ത്ഥി നിര്‍ണയം, പാര്‍ട്ടി പുനഃസംഘടന തുടങ്ങിയ ചര്‍ച്ചയാകും. എട്ടു ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതും യോഗത്തില്‍ അന്തിമ തീരുമാനമായേക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍  ചര്‍ച്ചയില്‍ പങ്കെടുക്കും.

തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതാണ് പരിഗണനയിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനമാണ് ഡിസിസി പ്രസിഡന്റുമാര്‍ക്ക് വിനയായത്. കൂടാതെ, എറണാകുളം, വയനാട്, പാലക്കാട് ഡിസിസി പ്രസിഡന്റുമാര്‍ ജനപ്രതിനിധികളാണ് എന്നതും മാറ്റത്തിന് കാരണമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ സിപിഎമ്മും ബിജെപിയും മുന്നേറിയത് ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. 

മോശം പ്രകടനം നടത്തിയ ഡിസിസികളില്‍ അടിയന്തര അഴിച്ചുപണി വേണമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. എംപിമാരും രണ്ട് തവണ തോറ്റവരും മത്സരിക്കേണ്ട എന്നതടക്കമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിലും തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com