'അന്ന് മുല്ലപ്പള്ളി മല്‍സരിച്ചിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവ് പോകില്ലായിരുന്നു' ; ഒളിയമ്പെയ്ത് മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2021 11:51 AM  |  

Last Updated: 19th January 2021 11:51 AM  |   A+A-   |  

mullappally and muraleedharan

മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ / ഫയല്‍ ചിത്രം

 

കോഴിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രാധാന്യം ഒട്ടും കുറച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പ്രതിപക്ഷ നേതാവ് തന്നെയാണ് കേരള യാത്ര നടത്തുന്നത്. ഉമ്മന്‍ചാണ്ടി എല്ലാ സന്ദര്‍ഭത്തിലും പാര്‍ട്ടിയെ നയിക്കാന്‍ ഒപ്പമുണ്ടായിരുന്നു. അദ്ദേഹം സ്ഥാനത്തുനിന്നും മാറി നിന്നെങ്കിലും പ്രവര്‍ത്തനത്തില്‍ നിന്നും മാറി നിന്നിരുന്നില്ല. 

ചെന്നിത്തലയെ തഴഞ്ഞു എന്ന് ആരോപണം ഉന്നയിക്കുന്നത്, പാര്‍ട്ടിയില്‍ ആവശ്യമില്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന കുത്തിത്തിരിപ്പാണെന്നും മുരളീധരന്‍ പറഞ്ഞു. അല്ലാതെ കമ്മിറ്റിയെ വെച്ചതില്‍ യാതൊരു തെറ്റുമില്ല. എല്ലാവരും ആഗ്രഹിച്ച പോലെയാ തന്നെയാണ് ഹൈക്കമാന്‍ഡ് കമ്മിറ്റിയെ തീരുമാനിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി. 

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ല. മുല്ലപ്പള്ളി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം നഷ്ടപ്പെടില്ലായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരിക്കാന്‍ മുല്ലപ്പള്ളി കാരണം പറഞ്ഞത്, കെപിസിസി പ്രസിഡന്റാണെന്നും 20 മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകണമെന്നുമാണ്. 

അതുകൊണ്ടാണ് തനിക്ക് വടകരയില്‍ മല്‍സരിക്കേണ്ടി വന്നത്. താന്‍ വടകരയില്‍ മല്‍സരിക്കാനോ, ലോക്‌സഭയില്‍ വരാനോ ആഗ്രഹിച്ചിരുന്ന ആളല്ല. വടകരയില്‍ മല്‍സരിക്കുമെന്ന് ജീവിതത്തില്‍ പ്രതീക്ഷിച്ചിരുന്നതുമല്ല. പെട്ടെന്ന് മുല്ലപ്പള്ളി മാറി നിന്നപ്പോള്‍ പകരം ആര് എന്ന ചര്‍ച്ച വന്നു. അപ്പോള്‍ സിപിഎമ്മില്‍ ജയരാജന്‍ സ്ഥാനാര്‍ത്ഥിയായി. ഇതോടെ നേരിടാന്‍ സീനിയര്‍ നേതാവ് വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മല്‍സരിക്കേണ്ടി വന്നത്. അതുകൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ വിരോധമില്ല. തന്റെ മണ്ഡലത്തിലെ ഏത് സീറ്റില്‍ മുല്ലപ്പള്ളി മല്‍സരിച്ചാലും അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കാന്‍ ശക്തമായ പ്രവര്‍ത്തനത്തിന് താനുണ്ടാകും. വടകര ലോക്‌സഭ മണ്ഡലത്തിലെ ഏത് സീറ്റില്‍ മുല്ലപ്പള്ളി മല്‍സരിക്കുന്നതും മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയത്തിന് സഹായിക്കും. 

മുമ്പ് കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലയും സി വി പത്മരാജനും മല്‍സരിച്ചിട്ടുണ്ട്. അതില്‍ അപാകതയൊന്നുമില്ല. പക്ഷെ പാര്‍ലമെന്റിലേക്ക് മുല്ലപ്പള്ളി മല്‍സരിച്ചിരുന്നു എങ്കില്‍ വട്ടിയൂര്‍ക്കാവ് നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു. 

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യങ്ങള്‍ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. അത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അതും ഉമ്മന്‍ചാണ്ടിയുടെ ചെയര്‍മാന്‍ഷിപ്പുമായി ബന്ധമില്ല എന്നും കെ മുരളീധരന്‍ പറഞ്ഞു.