മൂടല്‍ മഞ്ഞില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകട പരമ്പര; തൃശൂര്‍ സ്വദേശി യുഎഇയില്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 20th January 2021 07:17 AM |
Last Updated: 20th January 2021 07:24 AM | A+A A- |

പ്രതീകാത്മക ചിത്രം
ദുബായ് : യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. അബുദാബിയിലെ അൽ മഫ്രാഖിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടപരമ്പരയിലാണ് തൃശ്ശൂർ സ്വദേശി മരിച്ചത്. ചേർപ്പ് ചെറുചേനം സ്വദേശി നൗഷാദാണ് (45) മരിച്ചത്.
കാറുകളും ട്രക്കുകളും ഉൾപ്പെടെയാണ് കൂട്ടിയിടിച്ചത്. എട്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. റുവൈസിൽ സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു നൗഷാദ്. അബുദാബി ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മൂടൽമഞ്ഞ് നിറഞ്ഞതോടെ വാഹനങ്ങൾ തമ്മിൽ ആവശ്യത്തിന് അകലം പാലിക്കാനാകാത്തതാണ് അപകടകാരണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയും കനത്ത മൂടൽമഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. രാവിലെ മൂന്നുമണിക്കൂറിനുള്ളിൽ 24 വാഹനാപകടങ്ങളാണ് റിപ്പോർട്ടുചെയ്യപ്പെട്ടത്.