'കണക്കു പരിശോധിക്കാന്‍ വന്നവര്‍ പരിശോധിച്ച് പൊയ്‌ക്കോണം,  അപമാനിക്കാന്‍ ശ്രമിച്ചാല്‍ മുട്ടുമടക്കില്ല' : സ്വരാജ്

ഭരണഘടനാസാധുത പരിശോധിക്കാന്‍ സിഎജിക്ക് ആര് അധികാരം നല്‍കി ?.
എം സ്വരാജ് നിയമസഭയില്‍ / ടെലിവിഷന്‍ ചിത്രം
എം സ്വരാജ് നിയമസഭയില്‍ / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : കേരളം വികസിക്കുന്നതിലുള്ള, നാട് പുരോഗമിക്കുന്നതിലുള്ള വിഷമമാണ് കോണ്‍ഗ്രസിന്റേതെന്ന് എം സ്വരാജ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൊച്ചിയില്‍ രണ്ട് മേല്‍പ്പാലങ്ങളാണ് യാതാര്‍ത്ഥ്യമായത്. കോണ്‍ഗ്രസിന് ഒരിക്കലും അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതിയാണെന്നും സ്വരാജ് പറഞ്ഞു. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകായിരുന്നു സ്വരാജ്. 

സിഎജി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റാന്‍ ശ്രമിച്ചു. ഭരണഘടനാസാധുത പരിശോധിക്കാന്‍ സിഎജിക്ക് ആര് അധികാരം നല്‍കി ?. സിഎജിയ്ക്ക് നിയമവ്യവസ്ഥ അറിയില്ലെങ്കില്‍ പഠിപ്പിക്കുമെന്ന് എം സ്വരാജ് സഭയില്‍ പറഞ്ഞു.

കണക്കു പരിശോധിക്കാന്‍ വന്നവര്‍ കണക്കു പരിശോധിച്ച് പൊയ്‌ക്കൊള്ളണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ, ഈ സഭയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ മുട്ടുമടക്കില്ല. ഈ സിഎജിയുടെ റിപ്പോര്‍ട്ടിനെ വെള്ളം തൊടാതെ വിഴുങ്ങാന്‍ പ്രതിപക്ഷത്തെ ആരാണ് പഠിപ്പിച്ചതെന്ന് സ്വരാജ് ചോദിച്ചു. 

സിഎജി പരമാബദ്ധങ്ങള്‍ എഴുതി വെച്ചാല്‍ ചുരുട്ടുക്കൂട്ടി ചവറ്റുകൊട്ടയില്‍ വലിച്ചെറിയാന്‍ തെരഞ്ഞെടുക്കപ്പെട്ട സഭയ്ക്ക് അധികാരമുണ്ട്. അത് സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളതാണ്. ജനാധിപത്യ അവകാശത്തെ പരിഹസിച്ചുകൊണ്ട്, നിലപാട് സ്വീകരിക്കുമ്പോള്‍ ആത്മാഭിമാനത്തിന്റെ കണികയെങ്കിലുമുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കക്ഷിഭേദമില്ലാതെ സിഎജിയുടെ രാഷ്ട്രീയതാല്‍പ്പര്യമുള്ള നടപടിയെ എതിര്‍ക്കുകയാണ് ചെയ്യേണ്ടത്. 

അധികാരാസക്തി സമനില തെറ്റിച്ച പ്രതിപക്ഷത്തിന് അത് കഴിയുന്നില്ല. പ്രതിപക്ഷം സിഎജിയുടെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിന്ന് സംഘപരിവാരത്തിന്റെ വിശ്വസ്ത സേവകരായി മാറുന്നു എന്നും സ്വരാജ് പറഞ്ഞു. നിയമസഭ പാസ്സാക്കിയ നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം രാജ്യത്തെ കോടതികള്‍ക്കാണുള്ളത്. ഒരു സിഎജിക്ക് മുന്നിലും ഇത് അടിയറ വെക്കില്ലെന്നും സ്വരാജ് പറഞ്ഞു. 

കിഫ്ബി സ്റ്റേറ്റല്ല. ബഹുമാനപ്പെട്ട പ്രതിപക്ഷമേ... കിഫ്ബി ഒരു ബോഡി കോര്‍പ്പറേറ്റാണ്. ടെറിസ്റ്റോറിയല്‍ ജൂറിസ്ഡിക്ഷനാണ് സ്‌റ്റേറ്റെന്ന് ഭരണഘടന പറയുന്നു. ഏതെങ്കിലും വിഡ്ഢ്യാസുരന്മാര്‍ എന്തെങ്കിലും അബദ്ധം പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങണമെന്ന് പ്രതിപക്ഷം എന്തിന് വാശി പിടിക്കണമെന്നും സ്വരാജ് ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com