ആലപ്പുഴയ്ക്കും അഭിമാന നിമിഷങ്ങള്‍; ജോ ബൈഡന്റെ സംഘത്തിലെ നിര്‍ണായക സ്ഥാനത്ത് മലയാളി വനിത

ദേശീയ സുരക്ഷാ സമിതിയില്‍ ഉയര്‍ന്ന തസ്തികയില്‍ കളത്തില്‍ കുടുംബാംഗമായ ശാന്തി കളത്തിലിനെ പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു
ജോ ബൈഡന്‍, ശാന്തി കളത്തില്‍
ജോ ബൈഡന്‍, ശാന്തി കളത്തില്‍

ആലപ്പുഴ: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേറ്റതില്‍ കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയ്ക്കും അഭിമാനിക്കാം. ആലപ്പുഴയിലെ കണ്ണന്‍കര ഗ്രാമത്തിന്റെ 'ചെറുമകള്‍'  അമേരിക്കയില്‍ അലങ്കരിക്കുന്നത് നിര്‍ണായക പദവി. ദേശീയ സുരക്ഷാ സമിതിയില്‍ ഉയര്‍ന്ന തസ്തികയില്‍ കളത്തില്‍ കുടുംബാംഗമായ ശാന്തി കളത്തിലിനെ പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു. പരേതനായ ജയിംസ് കളത്തിലിന്റെ മകളായ ശാന്തി കളത്തില്‍ ദേശീയ സുരക്ഷാ സമിതിയില്‍ ജനാധിപത്യവും മനുഷ്യാവകാശവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോര്‍ഡിനേറ്റര്‍ ചുമതലയാണ് നിര്‍വഹിക്കുക.

49 വയസുകാരിയായ ശാന്തി ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ഡെമോക്രസിയില്‍ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ഡെമോക്രാറ്റിക് സ്റ്റഡീസിന്റെ മുതിര്‍ന്ന ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയോഗം. കുടുംബത്തിനും ഗ്രാമത്തിനും അഭിമാനിക്കാവുന്ന നിമിഷങ്ങളാണെന്ന് ബന്ധു പാപ്പച്ചന്‍ കളത്തില്‍ പറയുന്നു.

'40 വര്‍ഷം മുന്‍പാണ് എന്റെ മൂത്ത ചേട്ടന്‍ ജയിംസും ഞാനും അമേരിക്കയില്‍ പോയത്. വിവിധ സര്‍വകലാശാലകളില്‍ പ്രൊഫസറായിരുന്നു ചേട്ടന്‍. ജയിംസ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. ശാന്തി പഠിക്കാന്‍ മിടുക്കിയായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നാണ് ശാന്തി പത്രപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ശാന്തിയുടെ പുതിയ ഉത്തരവാദിത്തം ജനാധിപത്യത്തിന് കരുത്തുപകരും' -പാപ്പച്ചന്‍ പറയുന്നു.

യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റില്‍ സീനിയര്‍ ഡെമോക്രസി ഫെല്ലോയായും ശാന്തി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നയതന്ത്രം, വികസനം, സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com