സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം പാസാക്കി, അപൂര്‍വ നടപടി; പിഎസിക്കു മുന്നില്‍ വരില്ലെന്ന് സ്പീക്കര്‍

സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്ക് എതിരായ ഭാഗങ്ങള്‍ നിരാകരിക്കുന്നതായി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി
പിണറായി വിജയന്‍ നിയമസഭയില്‍ / എഎന്‍ഐ ചിത്രം
പിണറായി വിജയന്‍ നിയമസഭയില്‍ / എഎന്‍ഐ ചിത്രം

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്ക് എതിരായ ഭാഗങ്ങള്‍ നിരാകരിക്കുന്നതായി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. നിയമസഭയുടെ ചരിത്രത്തിലെ അപൂര്‍വ നടപടിയാണ്, സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കുന്നത്.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പു തള്ളിയാണ് സഭ പ്രമേയം അംഗീകരിച്ചത്. ഗുരതരമായ ഭരഘടനാ പ്രശ്‌നം ഉയര്‍ത്തുന്നതാണ് നടപടിയെന്ന് കോണ്‍ഗ്രസിലെ വിഡി സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നില്‍ വരിക, കിഫ്ബിക്കെതിരായ ഭാഗങ്ങള്‍ നിരാകരിച്ച റിപ്പോര്‍ട്ടാണോയെന്ന് സതീശന്‍ ചോദിച്ചു. പ്രമേയത്തിലൂടെ നിരാകരിച്ച ഭാഗങ്ങള്‍ പിഎസിക്കു മുന്നില്‍ വരില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ കൂുടുതല്‍ പരിശോധന നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിന്റെ 41 മുതല്‍ 43 വരെയുള്ള പേജില്‍ കിഫ്ബിയെ സംബന്ധിച്ച പരാമര്‍ശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയില്‍ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രമേയത്തില്‍ പറയുന്നു.

സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയും തയ്യാറാക്കിയതാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അതിനാല്‍ തന്നെ ഇത് രാഷ്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണല്‍ സമീപനത്തിന്റേയും ലംഘനമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഈ സഭയുടെ ഉത്കണ്ഠ സിഎജിയെ പ്രമേയത്തിലൂടെ അറിയിക്കുന്നു എന്നും ഇതില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com