ഭൂമി, കെട്ടിട രജിസ്‌ട്രേഷന്‍ ചെലവ് ഉയരുന്നു, രണ്ടു ശതമാനം അധിക നികുതി ഈടാക്കാന്‍ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2021 09:48 AM  |  

Last Updated: 23rd January 2021 09:48 AM  |   A+A-   |  

CASH

 

തിരുവനന്തപുരം; സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്‌ട്രേഷന് അധിക നികുതി ഏര്‍പ്പെടുത്തുന്നു. ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി, കെട്ടിട റജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് 2% അധിക നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണു നടപടി.

25,000 രൂപയോ അതില്‍ കൂടുതലോ വിലയുള്ള ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ റജിസ്‌ട്രേഷനു വിലയുടെ ഒരു ശതമാനം നികുതിയായി ശേഖരിച്ചു ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറാമെന്നായിരുന്നു എസ്എംവിജയാനന്ദ് അധ്യക്ഷനായ കമ്മിഷന്റെ ശുപാര്‍ശ. എന്നാല്‍, ഇത് ഒരു ലക്ഷം രൂപയിലേറെയുള്ള ഇടപാടുകള്‍ക്ക് 2% എന്ന തരത്തില്‍ മാറ്റം വരുത്തുന്നുവെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചത്. തുക റജിസ്‌ട്രേഷന്‍ വകുപ്പ് പിരിച്ചെടുത്ത് അതതു ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറണമെന്നും തോമസ് ഐസക് നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

നിലവില്‍ ഭൂമി ഇടപാടുകള്‍ക്ക് 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്‌ട്രേഷന്‍ ഫീസുമാണ് ഈടാക്കുന്നത്. പുതിയ നികുതി കൂടി വരുന്നതോടെ റജിസ്‌ട്രേഷന്‍ ചെലവ് ഭൂമി/കെട്ടിട ന്യായവിലയുടെ 12% ആയി ഉയരും.