മദ്യവില കൂട്ടിയതിന് പിന്നില്‍ 200 കോടിയുടെ അഴിമതി; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2021 01:19 PM  |  

Last Updated: 24th January 2021 01:19 PM  |   A+A-   |  

ramesh

രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  മദ്യവില കൂട്ടിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എം.ഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. 

മദ്യവില വര്‍ദ്ധിപ്പിച്ചതില്‍ 200 കോടി രൂപയുടെ അഴിമതി നടന്നതായും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ചെന്നിത്ത പറഞ്ഞു. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് രമേശ് ചെന്നിത്തല നല്‍കിയിരിക്കുന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.  ഇതിന്റെ തുടര്‍ച്ചയായാണ് രമേശ് ചെന്നിത്തല  വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഏഴ് ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്. ഇത് ഒരു പ്രത്യേക കമ്പനിയെ സഹായിക്കാന്‍ വേണ്ടിയിട്ടാണ്. അവര്‍ക്ക് 200 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കി കൊടുക്കാന്‍ വേണ്ടിയിട്ടാണ് ഇത്തരം ഒരു നടപടി ക്രമം  സര്‍ക്കാര്‍ ചെയ്തതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം