മകനെ ഭീഷണിപ്പെടുത്തി പറയിച്ചതാണ്; എന്തുവില കൊടുത്തും ജയിലിലാക്കും; പൊലീസ് മൊഴി എടുക്കാന്‍ വിളിച്ചു, അറസ്റ്റ് ചെയ്തു; നിരപരാധിയെന്ന് അമ്മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2021 10:33 AM  |  

Last Updated: 24th January 2021 10:58 AM  |   A+A-   |  

kadakkavur

കടയ്ക്കാവൂര്‍ പോക്‌സോ ആരോപണവിധേയയായ യുവതി മാധ്യമങ്ങളെ കാണുന്നു /ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: കടയക്കാവൂര്‍  പോക്‌സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മ. ഭര്‍ത്താവും രണ്ടാം ഭാര്യയും കെട്ടിച്ചമച്ച കേസാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മകനെ ഭീഷണിപ്പെടുത്തിയാണ് ലൈംഗികാരോപണം ഉന്നയിപ്പിച്ചതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ് നല്‍കിയിരുന്നു. അതിന്റെ വൈരാഗ്യമാണ് കേസിനാധാരമെന്നും യുവതി പറഞ്ഞു.

പൊലീസിന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല.മകന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മൊഴിയെടുക്കാനാണ് എന്നും പറഞ്ഞാണ് പൊലീസ് ജോലി സ്ഥലത്തുനിന്ന് വിളിച്ചുകൊണ്ടുപോയത്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് റിമാന്‍ഡ്  ചെയ്തത്. എന്റെ കൂടെ നില്‍ക്കുന്ന മകനെ ഭര്‍ത്താവ് തിരിച്ചവാശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന്‍ പോകാന്‍ തയ്യാറായില്ല. എന്തുവിലെ കൊടുത്തും അമ്മയെ ജയിലാക്കി മകനെ തിരിച്ചുകൊണ്ടുപോകുമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. മകനെ എപ്പോഴും ഭീഷണിപ്പെടുത്തിയായിരുന്നതായും യുവതി പറഞ്ഞു

ജയില്‍ എല്ലാവരും നല്ലരീതിയിലാണ് പെരുമാറിയത്. സത്യം പുറത്തുകൊണ്ടുവരണമെന്നാണ് എല്ലാവരും പറഞ്ഞത് സത്യം പുറത്തുവരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.  മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചത്. അല്ലെങ്കില്‍ എന്റെ മകന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല.  പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലര്‍ജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലര്‍ജിയുടെ ഗുളികയായിരിക്കും അത്.

പരാതി നല്‍കിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും കൂടുതല്‍ സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. 

കുട്ടികളെ തിരികെ ലഭിക്കാനാണ് ഭര്‍ത്താവിനെതിരെ കേസ് കൊടുത്തത്.  എന്റെ കുട്ടികളെ എനിക്ക് തിരിച്ചുവേണം. എനിക്ക് വേണ്ടി മാത്രമല്ല എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണം. പോലീസ് മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്ന് പറയുന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. ആരോടും ഒന്നും പറയാനില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം സത്യം വെളിച്ചത്ത് വരണമെന്നും കരഞ്ഞുകൊണ്ട് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.