ലൈഫ് മിഷൻ: രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച വാഴോട്ടുകോണത്തുള്ള കെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്  രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് നിർവഹിക്കും.തദ്ദേശ സ്ഥാപന തല സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും  ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കും. രാവിലെ 10.30 ന് ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും. 

മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, എ കെ ബാലൻ, എം എം മണി, ജെ മേഴ്സിക്കുട്ടിയമ്മ, ടി.പി രാമകൃഷ്ണൻ, കെ.കെ ശൈലജ, ഡോ. ടി.എം തോമസ് ഐസക്, ശശി തരൂർ എം പി, വി.എസ് ശിവകുമാർ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത തുടങ്ങിയവർ ഓൺലൈനായി പങ്കെടുക്കും.

പൊതു പരിപാടിക്ക് മുൻപ് രാവിലെ 9.30 ന് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ടുകോണത്തുള്ള കെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും. ലൈഫ് മിഷൻ വീടുകളുടെ പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച് അതു വീക്ഷിക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക കൂടിച്ചേരലുകൾ നടക്കും. 

ഫെബ്രുവരി ഒന്നു മുതൽ 18 വരെ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികളും സ്വീകരിക്കാനുള്ള അവസരവും തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കുമെന്നും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com