കാന്തല്ലൂരിലെ കാഴ്ച കാണാം വെറും 300 രൂപയ്ക്ക്; കെഎസ്ആർടിസി സൈറ്റ് സീയിങ്‌ സർവീസ് നാളെ മുതൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2021 09:18 AM  |  

Last Updated: 30th January 2021 09:18 AM  |   A+A-   |  

ksrtc_site_seeing

ഫയല്‍ ചിത്രം

 

ഇടുക്കി: വിനോ​ദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കെഎസ്ആർടിസിയുടെ സൈറ്റ് സീയിങ്‌ സർവീസ് നാളെ മുതൽ കാന്തല്ലൂരിലേക്കും. നാളെ രാവിലെ 9.30-ന് പഴയ മൂന്നാർ ഡിപ്പോയിൽനിന്നാരംഭിക്കുന്ന സർവീസ്  ഉച്ചകഴിഞ്ഞ് കാന്തല്ലൂരിലെത്തും. എട്ടാംമൈൽ, ലക്കം വെള്ളച്ചാട്ടം, മറയൂർ ചന്ദന റിസർവ്, മുനിയറകൾ തുടങ്ങിയ സ്ഥലങ്ങളാണ് യാത്രക്കിടയിൽ സന്ദർശിക്കുന്നത്.

300 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. കാന്തല്ലൂരിൽ പച്ചക്കറി, പഴവർഗതോട്ടങ്ങൾ കാണാനുള്ള സൗകര്യമൊരുക്കും. കാന്തല്ലൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് പുറപ്പെടുന്ന ബസ് തിരികെ മൂന്നാറിൽ വൈകീട്ട് അഞ്ചുമണിക്ക് മടങ്ങിയെത്തും. 

ടോപ് സ്റ്റേഷനിലേക്ക് ജനുവരി ഒന്നിന് ആരംഭിച്ച സൈറ്റ് സീയിങ്‌ ബസ് സർവീസ് വിജയമായതിനെ തുടർന്നാണ് മറയൂർ, കാന്തല്ലൂർ മേഖലയിലേക്കും പുതിയ സർവീസിന് നിർ​ദേശം നൽകിയത്. 250 രൂപയാണ് ടോപ് സ്റ്റേഷൻ വരെയുള്ള ടിക്കറ്റ് നിരക്ക്. മൂന്നാർ സന്ദർശനത്തിനെത്തുന്നവർക്ക് 100 രൂപ നിരക്കിൽ കിടന്നുറങ്ങുന്നതിനുള്ള സൗകര്യവും കെഎസ്ആർടിസി ഡിപ്പോയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.