'മഹത്തായ ആശയങ്ങളുള്ള മനുഷ്യൻ'- വൈകല്യങ്ങളെ അതിജീവിച്ച് വേമ്പനാട് കായൽ വൃത്തിയാക്കുന്ന രാജപ്പൻ; അഭിനന്ദിച്ച് പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2021 12:44 PM  |  

Last Updated: 31st January 2021 12:44 PM  |   A+A-   |  

Rajappan overcoming his disability

രാജപ്പൻ/ ട്വിറ്റർ

 

ന്യൂഡൽഹി: വൈകല്യങ്ങളെ അതിജീവിച്ച് കായൽ സംരക്ഷിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപടിയായ മൻ കി ബാത്തിൽ സംസാരിക്കവേയാണ് വേമ്പനാട് കായൽ ശുചീകരിക്കുന്ന രാജപ്പന്റെ പ്രവർത്തിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചത്. ശരീരം പാതി തളർന്നിട്ടും രാജപ്പൻ നടത്തുന്ന സേവനം മാതൃയയാണെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

പ്രകൃതി സംരക്ഷണം ജോലിയാക്കി മാറ്റിയ കൈപ്പുഴമുട്ട് മഞ്ചാടിക്കരി നിവാസിയായ രാജപ്പൻ  അപ്പർകുട്ടനാട്ടിലെ ജലാശങ്ങളിലെ നിറസാന്നിദ്ധ്യമാണ്. ജന്മനാ ചലനശേഷി ഇല്ലാത്ത കാലുകളുമായി ജലാശങ്ങളെ മലിനമാക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് രാജപ്പൻ ജീവിതം മുന്നോട്ട് നയിക്കുന്നത്. 

ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ശുചിത്വത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത മങ്ങാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി തോണിയിൽ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് അദ്ദേഹം വേമ്പനാട് കായൽ വൃത്തിയാക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ എത്ര മഹത്തരമാണെന്ന് ഒന്ന് സങ്കൽപ്പിച്ച് നോക്കു- പ്രധാനമന്ത്രി വ്യക്തമാക്കി.