ടിപി വധക്കേസ് അന്വേഷണ സമയത്തും പ്രതികള്‍ അങ്ങനെ പറഞ്ഞു, സമാനമായ വരികള്‍ ഭീഷണിക്കത്തില്‍; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തനിക്കെതിരെ വധഭീഷണി മുഴക്കിയതിന്റെ പിന്നിലുള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നു, ടെലിവിഷന്‍ ചിത്രം
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നു, ടെലിവിഷന്‍ ചിത്രം

കോട്ടയം:  തനിക്കെതിരെ വധഭീഷണി മുഴക്കിയതിന്റെ പിന്നിലുള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരൊക്കെ വധഭീഷണി മുഴക്കിയാലും നിര്‍ഭയം പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വധഭീഷണി കേസില്‍ പൊലീസിന് മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

തിരിച്ച് ജയിലിലേക്ക് തന്നെ പോകുമെന്ന ഭീഷണിയാണ് കത്തിലുള്ളത്. അതില്‍ നിന്ന് ജയിലിന് പുറത്തിറങ്ങിയവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ജയിലില്‍ നിന്ന് ഇറങ്ങിയ ആളുകള്‍ ആരൊക്കെ എന്ന് എല്ലാവര്‍ക്കും അറിയാം. ജാമ്യത്തില്‍ ഇറങ്ങിയ ആളുകളുടെയും പരോളില്‍ ഇറങ്ങിയവരുടെയും പട്ടിക സര്‍ക്കാരിന്റെ കൈയിലുണ്ട്. സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറിയ സാഹചര്യത്തില്‍ ഇതിന് പിന്നിലെ വസ്തുതകള്‍ സര്‍ക്കാര്‍ തന്നെ പുറത്തുകൊണ്ടുവരട്ടെയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ആരാണ് കാര്യങ്ങള്‍ നടത്തുന്നത്. ആരൊക്കെയാണ് ഇതിന് പിന്നില്‍ തുടങ്ങിയ കാര്യങ്ങളൊക്കെ പൊലീസ് അന്വേഷിക്കട്ടെ. വധഭീഷണിയൊന്നും തന്നെ ബാധിക്കില്ല. നിര്‍ഭയം പൊതുപ്രവര്‍ത്തനം നടത്തും. ടിപി വധക്കേസ് അന്വേഷണ സമയത്ത് ഒന്നും കൂടി ചെയ്താലും അങ്ങോട്ട് തന്നെ പോയാല്‍ മതിയല്ലോ എന്ന് പ്രതികള്‍ പറഞ്ഞിട്ടുണ്ട്. സമാനമായ നിലയിലാണ് കത്തിലെ വരികള്‍. കത്തിന്റെ ഉറവിടം പൊലീസ് കണ്ടെത്തേട്ടെ. സമര്‍ഥരായ പൊലീസുകാര്‍ സേനയിലുണ്ട്. ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്റെ ഭാഗമായിട്ടാണ് കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഭരണതലത്തിലാണ് നടപടി വേണ്ടത്. ജയിലിനകത്ത് നിന്നുള്ള ഓപ്പറേഷന് തെളിവ് പോലും കണ്ടെത്താന്‍ സാധിക്കില്ല. അതെല്ലാം അറിഞ്ഞ് കൊണ്ടാണ് ഓപ്പറേഷന്‍ എന്ന് സംശയിക്കുന്നു. സോഷ്യല്‍മീഡിയയുടെ ക്വട്ടേഷന്‍ എടുത്ത ആളുകള്‍ ഇവിടെയുണ്ടെന്നും വസ്തുതകള്‍ വക്രീകരിച്ച് ആളുകളിലേക്ക് നേരിട്ട് എത്തിക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com