ഭര്‍ത്താവ് ആശുപത്രിയില്‍, നാലു പെണ്‍മക്കള്‍; ആഴക്കടലിനോടു പൊരുതിയ രേഖ ഇന്ന്‌ ജീവിക്കാനായി കക്ക വാരുന്നു, അതിജീവനകഥ

സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ ആദ്യ വനിത എന്ന പേരില്‍ രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട 41കാരി മുന്നോട്ടുള്ള ജീവിതത്തില്‍ പകച്ചുനില്‍ക്കുന്നു
ചാവക്കാട് ബീച്ചില്‍ കക്ക വാരുന്ന രേഖ കാര്‍ത്തികേയന്‍
ചാവക്കാട് ബീച്ചില്‍ കക്ക വാരുന്ന രേഖ കാര്‍ത്തികേയന്‍

തൃശൂര്‍: സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ ആദ്യ വനിത എന്ന പേരില്‍ രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട 41കാരി മുന്നോട്ടുള്ള ജീവിതത്തില്‍ പകച്ചുനില്‍ക്കുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ആശുപത്രി കിടക്കയിലായതും കോവിഡ് വ്യാപനവുമാണ് രേഖ കാര്‍ത്തികേയന്‍ എന്ന ചാവക്കാട് സ്വദേശിനിയുടെ ജീവിതം മാറ്റിമറിച്ചത്. നാലു പെണ്‍കുട്ടികളെ വളര്‍ത്തുന്നതിനും ഭര്‍ത്താവിന്റെ ചികിത്സയ്ക്കുമായി കക്ക വാരി ഉപജ്ജീവനം കഴിക്കുകയാണ് 41കാരി.

2015ലാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ സംസ്ഥാനത്തെ ആദ്യ വനിത എന്ന പേരില്‍ രേഖ വാര്‍ത്തകളില്‍ നിറഞ്ഞത്. നാലു പെണ്‍കുട്ടികളെ പഠിപ്പിച്ച് വളര്‍ത്തുന്നതിന് വേണ്ടി ഭര്‍ത്താവിനൊപ്പമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് രേഖ പോയി തുടങ്ങിയത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ആശുപത്രിയിലായതോടെ, ഇരട്ടപ്രഹരം ലഭിച്ച സ്ഥിതിയിലാണ് രേഖ. കടലില്‍ പോകാന്‍ മറ്റു സ്ത്രീകള്‍ കൂട്ടിന് വരാന്‍ തയ്യാറാവാതെ വന്നതോടെ, കക്ക വാരി കുടുംബം പുലര്‍ത്തുകയാണ് 41കാരി.

ഹൃദയം തുറന്നുള്ള ശസത്രക്രിയയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനൊപ്പം കൂട്ടിരിക്കുമ്പോഴാണ് രേഖ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് മനസ് തുറന്നത്. ചെറിയ ഫൈബര്‍ വള്ളത്തിലാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയിരുന്നത്. വലയിടാനും വലിച്ചുക്കയറ്റാനും മത്സ്യത്തൊഴിലാളികള്‍ ആവശ്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരാളെ സഹായത്തിന് വെയ്ക്കുന്നത് ശ്രമകരമായ ദൗത്യമാണെന്ന് രേഖ പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കേയാണ്, ഭര്‍ത്താവ് കാര്‍ത്തികേയന്‍ വള്ളത്തില്‍ കുഴഞ്ഞുവീണതെന്ന് രേഖ പറയുന്നു. ഉടന്‍ തന്നെ ചികിത്സയുടെ ഭാഗമായി വിവിധ ആശുപത്രികളില്‍ കൊണ്ടുപോയി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ് കാര്‍ത്തികേയന്‍. നാലുമാസം പൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭാവിയില്‍ തന്റെ വള്ളത്തില്‍ വരാന്‍ ഭര്‍ത്താവിന് കഴിയുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് രേഖ പറയുന്നു.

അയല്‍വാസികള്‍ തന്റെ ഒപ്പം കടലില്‍ പോകാന്‍ തയ്യാറാണ്. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായാല്‍ ഒരുദിവസത്തില്‍ കൂടുതല്‍ പുറംകടലില്‍ തങ്ങേണ്ടി വരാം. താനുമായി അടുപ്പമുള്ള ഒരാള്‍ കൂടെ ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം കടലില്‍ പോകുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നതായി രേഖ പറയുന്നു. നാലുപെണ്‍മക്കളാണ് തനിക്ക്. അവരുടെ സുരക്ഷ കൂടി നോക്കേണ്ടതുണ്ടെന്നും രേഖ പറയുന്നു. കക്ക വിറ്റാല്‍ ദിവസവും ഏകദേശം 400 രൂപയാണ് കിട്ടുക. ഇതുകൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഭര്‍ത്താവ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോഴെന്ന് രേഖ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com