കിറ്റെക്‌സിനു തമിഴ്‌നാട്ടിലേക്കു ക്ഷണം; വന്‍ ഇളവുകള്‍ വാഗ്ദാനം

കിറ്റെക്‌സിനു തമിഴ്‌നാട്ടിലേക്കു ക്ഷണം; വന്‍ ഇളവുകള്‍ വാഗ്ദാനം
സാബു ജേക്കബ് /ഫയല്‍
സാബു ജേക്കബ് /ഫയല്‍

കൊച്ചി: കേരളത്തിലെ വ്യവസായ നിക്ഷേപത്തില്‍ നിന്നു പിന്‍വാങ്ങുകയാണെന്നു പ്രഖ്യാപിച്ച കിറ്റക്‌സ് ഗ്രൂപ്പിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണം. 35000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപം തമിഴ്‌നാട്ടില്‍ നടത്താനാണ് സര്‍ക്കാര്‍ കിറ്റെക്‌സ് മാനേജ്‌മെന്റിന് ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കിയത്. തമിഴ്‌നാട്ടില്‍ വ്യവസായം തുടങ്ങാന്‍ ഒട്ടനവധി ആനുകൂല്യങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണക്കത്തിനൊപ്പം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു. 

മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്‌സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി, ബൗദ്ധിക സ്വത്തവകാശ ചിലവുകള്‍ക്ക് 50 ശതമാനം സബ്‌സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങള്‍ക്ക് 6000 രൂപയും സാമ്പത്തിക സഹായം, ഗുണ നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ക്ക് 50 ശതമാനം സബ്‌സിഡി, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ്, പത്ത് വര്‍ഷം വരെ തൊഴിലാളി ശമ്പളത്തിന്റെ 20 ശതമാനം സര്‍ക്കാര്‍ നല്‍കും.

ഈ വാഗ്ദാനങ്ങള്‍ക്ക് പുറമേ കൂടുതലായുള്ള ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും  പരിഗണിക്കാമെന്നും തമിഴ്‌നാട് വ്യവസായ മന്ത്രിക്ക് വേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡന്റ് (ഗൈഡന്‍സ് തമിഴ്‌നാട്) ഗൗരവ് ദാഗ അയച്ച ക്ഷണക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സാബു എം ജേക്കബ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com