'ഇത്തിരി തിരക്കുണ്ട്, ഞാന്‍ നടന്നുപൊയ്‌ക്കൊള്ളാം' ; അതത്ര ഫലിതമല്ല, കുറിപ്പ് 

വഴിക്കു മൂന്നു ബാറില്‍ കേറേണ്ടതുണ്ടായതുകൊണ്ട് തകഴിയുടെ വീട്ടിലെത്തിയപ്പോള്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണി
സുകുമാര്‍ അഴീക്കോട്, അഷ്ടമൂര്‍ത്തി/ഫയല്‍
സുകുമാര്‍ അഴീക്കോട്, അഷ്ടമൂര്‍ത്തി/ഫയല്‍

വൈക്കം മുഹമ്മദ് ബഷീറും സുകുമാര്‍ അഴീക്കോടും തമ്മിലുണ്ടായിരുന്ന അപാരമായ സൗഹൃദവും അവര്‍ക്കിടയിലെ തമാശകളും മലയാളത്തിനാകെ പരിചിതമാണ്. ബഷീറിന് അഴീക്കോട് കാറില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്തതും 'എനിക്കിത്തിരി തിരക്കുണ്ട്, നടന്നുപൊയ്‌ക്കൊള്ളാമന്ന്' ബഷീര്‍ മറുപടി പറഞ്ഞതും അതിലൊന്നു മാത്രം. ബഷീര്‍ വിട പറഞ്ഞതിന്റെ വാര്‍ഷികത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഇക്കഥ പങ്കുവച്ചിരുന്നു. അതിന്റെ ചുവടു പറ്റി അഴീക്കോടിന്റെ കാര്‍ വേഗത്തെപ്പറ്റി നര്‍മ മധുരമായ സ്വന്തം അനുഭവം പറയുകയാണ് കഥാകൃത്ത് അഷ്ടമൂര്‍ത്തി, ഈ കുറിപ്പില്‍. 

അഷ്ടമൂര്‍ത്തി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്: 

സുകുമാര്‍ അഴീക്കോട് കാറില്‍ ഒരു ലിഫ്റ്റ് കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ എനിയ്ക്കിത്തിരി തിരക്കുണ്ട്, ഞാന്‍ നടന്നു പൊയ്‌ക്കോളാം എന്നു ബഷീര്‍ പറഞ്ഞത് എനിയ്‌ക്കൊരു ഫലിതമായി തോന്നിയതേയില്ല.
കൊല്ലം കൃത്യമായി ഓര്‍മ്മയില്ല. എന്നാലും 1999നു മുമ്പാണെന്നു തീര്‍ച്ച. കാരണം ആ വര്‍ഷമാണല്ലോ തകഴി മരിച്ചത്. കഥ ഇങ്ങനെ.
തൃശ്ശൂരിലെ അങ്കണം സാഹിത്യവേദി വയോധികരായ എഴുത്തുകാരെ അവരവരുടെ വീട്ടില്‍ ചെന്ന് ആദരിയ്ക്കുന്ന ഒരു പരിപാടി ആസൂത്രണം ചെയ്തിരുന്നു. തകഴിയുടെ വീട്ടില്‍വെച്ചുള്ള ചടങ്ങിലേയ്ക്ക് എനിയ്ക്കും ക്ഷണം കിട്ടി. തൃശ്ശൂരില്‍നിന്ന് ഒരു കാറിലായിരുന്നു യാത്ര. പുനത്തില്‍ കുഞ്ഞബ്ദുള്ള, എക്‌സ്പ്രസ്സ് പത്രാധിപര്‍ പി. ശ്രീധരന്‍ എന്നിവരുടെ ഒപ്പമാണ്. രാവിലെ എട്ടുമണിയോടെ പുറപ്പെട്ടുവെങ്കിലും വഴിയ്ക്ക് മൂന്നു ബാറില്‍ കേറേണ്ടതുണ്ടായതുകൊണ്ട് തകഴിയുടെ വീട്ടിലെത്തിയപ്പോള്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണി. നാട്ടുകാരും കൂട്ടുകാരും ആരാധകരും ഒക്കെക്കൂടി വലിയ ഒരു സദസ്സ് അപ്പൊഴേ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ആദരവും തുടങ്ങിക്കഴിഞ്ഞിരുന്നു. സുകുമാര്‍ അഴീക്കോടും മോഹനവര്‍മ്മയുമൊക്കെ തകഴിയുടെ തൊട്ടടുത്ത് ഇരിയ്ക്കുന്നുണ്ട്. ഞങ്ങള്‍ വൈകിച്ചെന്നതില്‍ അങ്കണം ചെയര്‍മാന്‍ ഷംസുദ്ദീന്‍ അങ്കലാപ്പിലായി. പക്ഷേ കുഞ്ഞബ്ദുള്ളയുണ്ടായതിനാല്‍ അതില്‍ അത്ഭുതപ്പെടാനില്ല എന്ന് അയാള്‍ മനസ്സിലാക്കിയിരുന്നതുകൊണ്ട് കൂടുതല്‍ സംസാരമൊന്നുമുണ്ടായില്ല.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണുണ്ടായിരുന്നു. അതിനു മുമ്പു തന്നെ ഷംസുദ്ദീന്‍ എന്നോട് എങ്ങനെയാണ് മടക്കം എന്ന് അന്വേഷിച്ചിരുന്നു. സംശയിക്കാനൊന്നുമില്ലല്ലോ കുഞ്ഞബ്ദുള്ളയുടെ കൂടെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഷംസു അതുവേണ്ട; അഷ്ടമൂര്‍ത്തിയ്ക്ക് വൈകും എന്ന് മുന്നറിയിപ്പു തന്നു. ഊണു കഴിഞ്ഞാല്‍ ഉടനെ അഴീക്കോട് തൃശ്ശൂര്‍ക്ക് മടങ്ങുന്നുണ്ട്; അതില്‍ പോവാന്‍ വിരോധമുണ്ടോ എന്ന് ആരാഞ്ഞു. എനിയ്‌ക്കെന്തു വിരോധം! മാത്രമല്ല വൈകുന്നേരമായതുകൊണ്ട് മടക്കം മൂന്നു ബാറുകളില്‍ ഒതുങ്ങണമെന്നില്ല. തൃശ്ശൂരെത്തുമ്പോള്‍ അര്‍ദ്ധരാത്രിയാവാനും മതി. അഴീക്കോടിന്റെ ഒപ്പമാക്കാം എന്ന് ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു.
അഴീക്കോട് മുന്‍സീറ്റില്‍ െ്രെഡവര്‍ക്കരികെ. കൃത്യം രണ്ടര മണിയ്ക്കു തന്നെ മടക്കയാത്ര തുടങ്ങി. അമ്പലപ്പുഴയെത്താന്‍ തന്നെ ഇരുപതു മിനിട്ട്. വണ്ടിയുടെ സ്പീഡോ മീറ്ററിലേയ്ക്ക് ഞാന്‍ ഒളികണ്ണിട്ടു നോക്കി. ഇരുപത് എന്ന അക്കത്തില്‍നിന്ന് മുന്നോട്ടില്ല. ചിലപ്പോള്‍ പിന്നോട്ട് നീങ്ങുന്നുമുണ്ട്.
എറണാകുളത്ത് വി. ആര്‍. കൃഷ്ണയ്യരുടെ വീട്ടില്‍ ഒന്നു പോണമെന്ന് അഴീക്കോട് മുമ്പേത്തന്നെ പറഞ്ഞിരുന്നു. ഒരു സംയുക്തപ്രസ്താവന തയ്യാറാക്കാനുണ്ട്. അധികം സമയമെടുക്കില്ല. പത്തുമിനിട്ട്.
കൃഷ്ണയ്യരുടെ വീട്ടിലെത്തിയപ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. അപരിചിതനെ അഴീക്കോട് കൃഷ്ണയ്യര്‍ക്കു പരിചയപ്പെടുത്തി. അകത്തു കടന്നിരിയ്ക്കാന്‍ കൃഷ്ണയ്യര്‍ ക്ഷണിച്ചു. പത്തു മിനിട്ടിന്റെ കാര്യമല്ലേയുള്ളു; ഞാന്‍ പുറത്തുതന്നെ നിന്നോളാം എന്ന് പറഞ്ഞു. വലിയ പൂന്തോട്ടമുണ്ട്. അതിലൊക്കെ ഒന്നു ചുറ്റിനടക്കാം.
പത്തുമിനിട്ട് എന്നു പറഞ്ഞത് ദേവലോകത്തെ കണക്കായി. അഴീക്കോട് പുറത്തുവന്നത് എട്ടരയ്ക്ക്. ബോറടിച്ചുവോ എന്ന് അഴീക്കോടിന്റെ കുശലാന്വേഷണം. ഒട്ടുമില്ല, പൂന്തോട്ടത്തിലെ കൊതുകുകള്‍ അതിന് അവസരം തന്നില്ലല്ലോ.
വീണ്ടും യാത്ര. സ്പീഡോമീറ്റര്‍ കേടാണോ എന്ന് സംശയിച്ചു. അതിന് ഒരു തകരാറുമില്ല. സൈക്കിള്‍ യാത്രക്കാര്‍ കൂടി അഴീക്കോടിന്റെ െ്രെഡവറെ ഓവര്‍ ടേയ്ക്ക് ചെയ്യുന്നുണ്ടല്ലോ.
അഴീക്കോട് എന്തെല്ലാമോ ഫലിതങ്ങള്‍ പറയുന്നുണ്ട്. കുഞ്ഞബ്ദുള്ളയുടെ കാറ് ഞങ്ങളെ ഓവര്‍ടേയ്ക്ക് ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുന്നതിനിടയില്‍ ഞാനതൊന്നും ശരിയ്ക്കു കേട്ടില്ല. തൃശ്ശൂരിലെത്തിയപ്പോള്‍ വാച്ചില്‍ മണി പതിനൊന്നര. കുറച്ചുനേരം കാത്തുനിന്ന് കിട്ടിയ ഓട്ടോറിക്ഷയില്‍ വീടു പൂകിയത് പന്ത്രണ്ടേകാലിന്.
ഇത്തരമൊരനുഭവം ബഷീറിനും ഉണ്ടായിട്ടുണ്ടാവണം. അതുകൊണ്ടാവും ബഷീര്‍ ആ ക്ഷണം നിര്‍ദ്ദയം നിരസിച്ചത്, സംശയമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com