ജാഫര്‍ മാലിക്ക് എറണാകുളം ജില്ലാ കളക്ടര്‍, ദിവ്യ പത്തനംതിട്ടയിൽ ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ആസൂത്രണ വകുപ്പ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി മാറ്റി നിയമിച്ചു
ജാഫര്‍ മാലിക്ക്, ദിവ്യ എസ് അയ്യര്‍ / ഫെയ്‌സ്ബുക്ക് ചിത്രം
ജാഫര്‍ മാലിക്ക്, ദിവ്യ എസ് അയ്യര്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഏഴു ജില്ലാകളക്ടർമാരെ മാറ്റി. സെക്രട്ടറി തലത്തിലും സർക്കാർ അഴിച്ചുപണി നടത്തി. ജാഫര്‍ മാലിക്ക് ആണ് പുതിയ എറണാകുളം ജില്ലാ കളക്ടര്‍. ഹരിത വി കുമാര്‍ തൃശ്ശൂര്‍ കളക്ടറാകും. രസിംഹു ഗാരി റെഡ്ഡിയെ കോഴിക്കോട് കളക്ടറായും പികെ ജയശ്രീയെ കോട്ടയം കളക്ടറായും നിയമിച്ചു. 

 ദിവ്യ എസ് അയ്യര്‍ ആണ് പത്തനംതിട്ട ജില്ലാ കളക്ടർ. ഷീബ ജോര്‍ജ് ഇടുക്കി കളക്ടറാകും. ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദാണ് കാസര്‍കോട് കളക്ടര്‍. എറണാകുളം കളക്ടറായിരുന്ന എസ് സുഹാസ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിയാകും. തൃശ്ശൂര്‍ കളക്ടറായ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു മിഷന്‍ ഡയറക്ടറാകും.

കോട്ടയം കളക്ടര്‍ എം അഞ്ജന ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. കാസര്‍കോട് കളക്ടര്‍ ഡോ ഡി സജിത് ബാബു ആണ് പുതിയ സിവില്‍ സപ്ലൈസ് ഡയറക്ടർ. കോഴിക്കോട് കളക്ടര്‍ സാബംശിവ റാവു സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വിഭാഗം ഡയറക്ടറായും നിയമിച്ചു.

ആസൂത്രണ വകുപ്പ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ടൂറിസത്തിന്റെ അധിക ചുമതലയും നല്‍കി. ബിജു പ്രഭാകറാണ് പുതിയ ഗതാഗത സെക്രട്ടറി.  റാണി ജോര്‍ജിന് സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലകൂടി നല്‍കി. പി ഐ ശ്രീവിദ്യയാണ് പുതിയ കുടുംബശ്രീ ഡയറക്ടര്‍.  കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോറിനെ വ്യവസായ വകുപ്പ് ഡയറക്ടറാക്കി മാറ്റി നിയമിച്ചു.

തദ്ദേശ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശ സെക്രട്ടറി അര്‍ബന്‍ ആന്റ് റൂറല്‍ വകുപ്പുകളുടെ അഡിഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നികുതി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ഐടി സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഷര്‍മിള മേരി ജോസഫാണ് പുതിയ നികുതി സെക്രട്ടറി. വനം-വന്യജീവി വകുപ്പ് സെക്രട്ടറി രാജേഷ് സിന്‍ഹയ്ക്ക് വ്യവസായ വകുപ്പിന്റേയും ചുമതല നല്‍കി. 

സാംസ്‌കാരി സെക്രട്ടറി റാണി ജോര്‍ജിന് സാമൂഹിക നീതി, വനിതാ ശിശുക്ഷേമ വകുപ്പുകളുടെ അധിക ചുമതലയും മൃഗസരംക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളിന് തുറമുഖ വകുപ്പിന്റെ അധിക ചുമതലയും നല്‍കി. ഫിഷറീസ് ഡയറക്ടര്‍ സി.എ.ലതയാണ് പിആര്‍ഡി സെക്രട്ടറി. കെഎസ്ഐഡിസി എംഡി എം.ജി.രാജമാണിക്യത്തിന് പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കി.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ അധിക ചുമതല നല്‍കി. രാജന്‍ ഖോബ്രഗഡെ ആരോഗ്യ കുടുംബക്ഷേ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരും. ഡിസാസ്റ്റര്‍ മാനെജ്മെന്റെ കമ്മിഷണര്‍ എ.കൗശികന് മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്നരമാസം പിന്നിടുമ്പോഴാണ് ഐഎഎസ് തലത്തിൽ സമഗ്രമാറ്റം വരുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com