ബെവ്‌കോ സര്‍ക്കുലര്‍
ബെവ്‌കോ സര്‍ക്കുലര്‍

ആളു കൂടിയാല്‍ കൗണ്ടറിന്റെ എണ്ണം കൂട്ടണം, ടോക്കണ്‍ നടപ്പാക്കണം, കുടിവെള്ളം നല്‍കണം ; ബെവ്‌കോ സര്‍ക്കുലര്‍

തിരക്കുള്ള ഔട്ട്‌ലെറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണം

തിരുവനന്തപുരം : ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ബെവ്‌കോ സര്‍ക്കുലര്‍ ഇറക്കി. മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം അനുവദിക്കാനാവില്ലെന്നും, തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കാനും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 

തിരക്കുള്ള ഔട്ട്‌ലെറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. 20 ലക്ഷം വരെ കച്ചവടം നടക്കുന്നിടത്ത് മൂന്ന് കൗണ്ടറുകള്‍ ഉണ്ടായിരിക്കണം. 34 ലക്ഷം വരെ നാലു കൗണ്ടര്‍, 50 ലക്ഷത്തിന് മുകളില്‍ കച്ചവടം നടക്കുന്നിടത്ത് ആറില്‍ കുറയാത്ത കൗണ്ടറുകള്‍ വേണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. 

മദ്യം വാങ്ങാനെത്തുന്നവരെ മാന്യമായി പരിഗണിക്കണം. കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ഷോപ്പുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. വൃത്തങ്ങള്‍ വരച്ച് അതില്‍ മാത്രം ആളുകളെ നിര്‍ത്തണം. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ സഹായം തേടണം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകള്‍ കൂടുതല്‍ സൗകര്യമുള്ള ഇടത്തേക്ക് മാറ്റണമെന്നും ബെവ്‌കോ സര്‍ക്കുലറില്‍ പറയുന്നു. 

മദ്യശാലകളിലെ ആള്‍ക്കൂട്ടത്തില്‍ ഹൈക്കോടതി ഇന്നലെ ബെവ്‌കോയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. കല്യാണത്തിനും മരണത്തിനും വരെ ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍, മദ്യശാലകള്‍ക്ക് മുന്നില്‍ ഒരു നിയന്ത്രണവുമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com