ചികില്‍സാ സഹായത്തിനുള്ള അക്കൗണ്ട് നമ്പര്‍ മാറ്റി ; ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ പേരില്‍ തട്ടിപ്പ് : അമ്മയും മകളും അറസ്റ്റില്‍

സമൂഹമാധ്യമത്തില്‍ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേക്ക് മറിയാമ്മയുടെ അക്കൗണ്ട് നമ്പര്‍ മാറ്റി ചേര്‍ത്താണ് പണപ്പിരിവ് നടത്തിയത്
അറസ്റ്റിലായ മറിയാമ്മയും അനിതയും / ടെലിവിഷന്‍ ചിത്രം
അറസ്റ്റിലായ മറിയാമ്മയും അനിതയും / ടെലിവിഷന്‍ ചിത്രം

കൊച്ചി : ഗുരുതര രോഗം ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയുടെ ചികില്‍സയ്‌ക്കെന്ന വ്യാജേന പണം പിരിച്ച് തട്ടിപ്പു നടത്തിയ അമ്മയും മകളും അറസ്റ്റില്‍. പാലാ ഓലിക്കല്‍ മറിയാമ്മ സെബാസ്റ്റ്യന്‍ (59), അനിത (29) എന്നിവരാണ് അറസ്റ്റിലായത്. ആത്മീയതയുടെ മറവില്‍ സമൂഹമാധ്യമത്തിലൂടെയായിരുന്നു ഇരുവരുടെയും തട്ടിപ്പ്. 

ന്യൂറോഫൈബ്രോമാറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ പേരിലാണ് ഇവര്‍ പണപ്പിരിവ് നടത്തിയത്. കുട്ടിയുടെ ചികിത്സയ്‌ക്കെന്ന വ്യാജേന ക്രിസ്തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരില്‍ ഇവര്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചു. യഥാര്‍ത്ഥത്തില്‍ നേരത്തെ കുട്ടിയുടെ ചികിത്സാ സഹായത്തിനായി സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം സഹിതം കുറിപ്പിട്ടിരുന്നു. 

സമൂഹമാധ്യമത്തില്‍ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേക്ക് മറിയാമ്മയുടെ അക്കൗണ്ട് നമ്പര്‍ മാറ്റി ചേര്‍ത്താണ് പണപ്പിരിവ് നടത്തിയത്.  മറിയാമ്മയുടെ മകന്‍ അരുണ്‍ ആണ് സമൂഹമാധ്യമത്തില്‍ ഇടാന്‍ ഇത്തരത്തില്‍ വ്യാജകാര്‍ഡ് തയ്യാറാക്കിയത്. ഇതുവഴി ഒട്ടേറെ പേരില്‍ നിന്നായി പണം ഇവരുടെ അക്കൗണ്ടില്‍ എത്തി. 

വ്യാജ സന്ദേശം ശ്രദ്ധയില്‍പ്പെട്ട അമൃത ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം സമൂഹമാധ്യമത്തിന്റെ അഡ്മിനെ അറിയിച്ചത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാല ശാഖയിലെ അക്കൗണ്ടാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. മറിയാമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് എത്തുന്ന തുക അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഒരു ലക്ഷത്തോളം രൂപ ഇവര്‍ പിന്‍വലിച്ചതായി കണ്ടെത്തി. 

മറിയാമ്മയുടെ മകള്‍ അനിത വിദേശത്തായിരുന്നു. വന്‍ തുക മുടക്കി വിദേശത്ത് പോയെങ്കിലും ജോലി ലഭിക്കാതെ തിരികെയെത്തുകയായിരുന്നു. അറസ്റ്റു ചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ ചികിത്സയുടെ പേരില്‍ പണം തട്ടിയ കേസില്‍ അരുണിനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 

മുമ്പും തട്ടിപ്പു കേസില്‍ പ്രതിയായിരുന്നു മറിയാമ്മയെന്ന് പൊലീസ് പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് പാലായിലെ സഹകരണ ബാങ്കില്‍ നിന്നാണ് മറിയാമ്മ സെബാസ്റ്റ്യന്‍ പണം തട്ടിയത്. പാലാ സഹകരണ ബാങ്കിലെ കാഷ്യറായിരുന്നു മറിയാമ്മ. ഇവര്‍ ജോലി ചെയ്തിരുന്ന ബാങ്കില്‍ നിന്ന് പല തവണയായി 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്. 

പാലായിലെ ഒരു ബാങ്കിന്റെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ചതിനു ഇവരുടെ മകന്‍ അരുണ്‍ അറസ്റ്റിലായിരുന്നു. മകന്‍ കള്ളനോട്ടുകേസില്‍ അറസ്റ്റിലായതോടെ, മറിയാമ്മ ബാങ്കില്‍ എത്തിയില്ല. ഇതേത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പണം കുറവുള്ളതായി കണ്ടെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com