പഴനി പീഡനം; ബ്ലാക്ക്‌മെയ്‌ലിങ് ശ്രമമായിരുന്നോ എന്ന അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസ്‌

ചൊവ്വാഴ്ച തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ അ‌ഞ്ച് മണിക്കൂറോളമാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തത്
തമിഴ്‌നാട് ഡിഐജി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് / ടെലിവിഷന്‍ ചിത്രം
തമിഴ്‌നാട് ഡിഐജി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് / ടെലിവിഷന്‍ ചിത്രം

ചെന്നൈ: ലോഡ്ജ് ഉടമയും സംഘവും തന്റെ ഭാര്യയെ ബലാൽസംഘം ചെയ്തെന്ന യുവാവിന്റെ പരാതി ബ്ലാക്മെയിലിംഗ് ആയിരുന്നോ എന്നതിലേക്ക് ഊന്നി തമിഴ്നാട് പൊലീസിന്റെ അന്വേഷണം. തലശ്ശേരിയിൽ എത്തി അന്വേഷണ സംഘം ദമ്പതികളുടെ മൊഴിയെടുത്തു. ഇവർക്ക് സഹായം നൽകിയവരെക്കുറിച്ചുളള പരിശോധന തുടങ്ങി. 

ചൊവ്വാഴ്ച തലശ്ശേരി ഡിവൈഎസ്പി ഓഫീസിൽ അ‌ഞ്ച് മണിക്കൂറോളമാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തത്. പഴനിയിൽ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയതിന് ശേഷമാകും യുവാവിനെ കസ്റ്റഡിയിൽ എടുക്കണോ എന്ന കാര്യത്തിൽ തമിഴ്നാട് പൊലീസ് തീരുമാനം എടുക്കുക. ഭാര്യയെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകി പഴനിയിലെ ലോഡ്ജ് ഉടമയെ ബ്ലാക്ക്മെയ്ൽ ചെയ്ത് പണം തട്ടാനായിരുന്നോ യുവാവിന്റെ ശ്രമമെന്ന് പൊലീസിന് സംശയമുണ്ട്. ഇതിനായി യുവാവിന്റെ കൂട്ടാളികളായി മറ്റാരെങ്കിലുമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.  

പരാതിക്കാര്‍ ഭാര്യാഭര്‍ത്താക്കന്മാരല്ല എന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞു. പരാതിക്കാരിക്ക് പരിക്കില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയില്‍ വ്യക്തമായി. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയത് പരാതിക്കാര്‍ തന്നെയാണെന്ന് തെളിഞ്ഞെന്നും തമിഴ്‌നാട് ഡിഐജി വിജയകുമാരി പറഞ്ഞു.  യുവതിയും പരാതിക്കാരനും ഭാര്യാഭര്‍ത്താക്കളല്ല. ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയാണെന്ന് സഹോദരി മൊഴി നല്‍കിയതായി ഡിഐജി പറഞ്ഞു. ലോഡ്ജ് ഉടമയെ വിളിച്ച് പരാതിക്കാരന്‍ ഭീഷണിപ്പെടുത്തി. പണവും ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളുമായി തലശ്ശേരിയിലേക്ക് വരണമെന്നും പരാതിക്കാരന്‍ ലോഡ്ജ് ഉടമയോട് ആവശ്യപ്പെട്ടു. 

എന്നാല്‍ ലോഡ്ജ് ഉടമ ഭീഷണിക്ക് വഴങ്ങിയില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡിഐജി വ്യക്തമാക്കി. തമിഴ്‌നാട് പൊലീസ് സംഘം തലശ്ശേരിയില്‍ അന്വേഷണത്തിനായി പോയിട്ടുണ്ടെന്നും ഡിഐജി വിജയകുമാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിണ്ഡിഗല്‍ എസ്പിയും ഡിഐജിക്കൊപ്പമുണ്ടായിരുന്നു. 

അമ്മയും മകനും എന്ന പേരിലാണ് 19 ന് ഇരുവരും മുറിയെടുത്തത്. 20 ന് മദ്യപിച്ച് ഇരുവരും റൂമില്‍ ബഹളമുണ്ടാക്കി. സ്ത്രീ ഇറങ്ങിപ്പോയതിന് പിന്നാലെ പുരുഷനും പോകുകയായിരുന്നുവെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. 25 ന് ഇരുവരും മടങ്ങിയെത്തി ആധാര്‍ കാര്‍ഡ് തിരികെ വാങ്ങി മടങ്ങി.  ആറാം തീയതി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആണെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു എന്നും ലോഡ്ജ് ഉടമ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് കൈമാറി. ആധാര്‍ കാര്‍ഡ് തിരികെ വാങ്ങാന്‍ വന്നപ്പോള്‍ യുവതി ആരോഗ്യവതിയായിരുന്നു എന്നും ലോഡ്ജ് ഉടമ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com