​തോൽക്കുമെന്ന പേടിയിൽ രാത്രി വീടുവിട്ടിറങ്ങി, വഴിയിൽ സൈക്കിളിന്റെ ടയർ പഞ്ചറായി; വീട്ടുകാർ അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2021 09:05 AM  |  

Last Updated: 15th July 2021 09:05 AM  |   A+A-   |  

boy

പ്രതീകാത്മക ചിത്രം

 

കൊച്ചി; എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന് ഭയന്ന് വീടു വിട്ടിറങ്ങിയ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തി. ബുധനാഴ്ച പരീക്ഷ ഫലം വരുന്നതിനാൽ ചൊവ്വാഴ്ച രാത്രി ആരുമറിയാതെ കുട്ടി സൈക്കിളുമായി ഇറങ്ങുകയായിരുന്നു. ആലുവ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൽ കേറാനായിരുന്നു പദ്ധതി. എന്നാൽ വഴിയിൽ വച്ച് സൈക്കിളിന്റെ ടയർ പഞ്ചറായതോടെ ഹൈവേ പൊലീസിന്റെ മുന്നിൽപ്പെടുകയായിരുന്നു. 

ദേശിയ പാതയിൽ പറവൂർ കവലയിൽ എത്തിയപ്പോഴാണ് സൈക്കിളിന്റെ ടയർ പഞ്ചറാകുന്നത്. എന്തു ചെയ്യണമെന്ന് അറിയാതെ അർധരാത്രി റോഡിൽ നിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് പൊലീസ് എത്തുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ താൻ പരീക്ഷയിൽ തോൽക്കാൻ സാധ്യതയുണ്ടെന്നും മാതാപിതാക്കളേയും സഹപാഠികളേയും അഭിമുഖീകരിക്കാൻ കഴിയാത്തതിനാൽ തിരുവനന്തപുരത്തേക്ക് പോകുകയാണെന്നും പറഞ്ഞു. 

പൊലീസ് വീട്ടിലെ നമ്പർ വാങ്ങി വിളിച്ചപ്പോൾ മകൾ മുറിയിൽ ഉറങ്ങുന്നുണ്ടെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. മുറിയിൽ പോയി നോക്കാൻ പൊലീസ് പറഞ്ഞപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന വിവരം അവർ അറിയുന്നത്. തുടർന്ന് ഹൈവേ പൊലീസ് വിദ്യാർത്ഥിയെ പട്രോളിങ് വാഹനത്തിൽ ചങ്ങമനാട് സ്റ്റേഷനിൽ എത്തിച്ചു. മാതാപിതാക്കൾ സ്റ്റേഷനിൽ എത്തി കുട്ടിയുമായി മടങ്ങി.