ബലാത്സംഗം നടന്നതിന് ശാസ്ത്രീയ തെളിവില്ല; മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയില്‍ പൊലീസ്; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

നാലര വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ വച്ചു മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവുന്നുള്ളൂവെന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി
മയൂഖ ജോണി സുഹൃത്ത് പീഡിപ്പിക്കപ്പെട്ടെന്ന ആരോപണം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചപ്പോള്‍/ഫയല്‍
മയൂഖ ജോണി സുഹൃത്ത് പീഡിപ്പിക്കപ്പെട്ടെന്ന ആരോപണം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചപ്പോള്‍/ഫയല്‍

കൊച്ചി: ഒളിംപ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. നാലര വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ വച്ചു മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോവാനാവുന്നുള്ളൂവെന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മുരിയാട് എംപവര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായ സിസി ജോണ്‍സന്‍ തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്‌തെന്നാണ് മയൂഖാ ജോണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രതിക്കു വേണ്ടി വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന്‍ ഇടപെട്ടെന്നുമായിരുന്നു ആരോപണം. കേസില്‍ അന്വേഷണ പുരോഗതി അറയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

പരാതിക്കാരിയുടെയും പ്രതിയുടെയും മൊബൈല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ സമീപിച്ചിരുന്നെന്ന് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷത്തെ ടവര്‍ വിവരങ്ങള്‍ മാത്രമേ സൂക്ഷിച്ചുവയ്ക്കാറുള്ളൂ എന്നാണ് കമ്പനികള്‍ അറിയിച്ചത്. അതുകൊണ്ടുതന്നെ ഇവര്‍ ഒരേ ലൊക്കേഷനില്‍ ആയിരുന്നോ എന്നു കണ്ടെത്താനായിട്ടില്ല.

പരാതിക്കാരിയുടെ അമ്മ, ഭര്‍ത്താവ്, പരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പുറമേയ്ക്കു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടറുടെ മൊഴി. ബലാത്സംഗം നടന്നു എന്നതിന് ശാസ്ത്രീയ തെളിവ് ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ ്അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com