ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു, 14 അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടി വരും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി

മഴ കനത്ത് നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു
ഇടുക്കി ഡാം, ഫയല്‍
ഇടുക്കി ഡാം, ഫയല്‍

തിരുവനന്തപുരം: മഴ കനത്ത് നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. വെള്ളം 14 അടി കൂടി ഉയര്‍ന്നാല്‍ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ഡാം തുറക്കേണ്ടി വരും. അണക്കെട്ട് തുറക്കേണ്ടി വന്നാലുള്ള സാഹചര്യം വിലയിരുത്താന്‍ കെഎസ്ഇബി ഓണ്‍ലൈനായി യോഗം ചേര്‍ന്നു. 

2364.24 അടിയാണ് നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഡാമില്‍ ഈ സമയത്തുണ്ടായിരുന്നതിനേക്കാള്‍ 32 അടി വെള്ളം കൂടുതലാണ്. കേന്ദ്രജലകമ്മീഷന്റെ റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 31വരെ ഡാമിന്റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 2,378 അടിയാണ്. 14 അടി കൂടി വെള്ളം ഉയര്‍ന്ന് ജലനിരപ്പ് ഈ പരിധി പിന്നിട്ടാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡാം തുറന്ന് അധിക ജലം ഒഴുക്കി കളയണം.

കനത്ത വേനല്‍ മഴയ്ക്ക് പിന്നാലെ കാലവര്‍ഷം കൂടി എത്തിയതാണ് ഡാമിലെ ജലനിരപ്പ് താഴാത്തതിന് പിന്നില്‍. മഴ കനത്തതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനകം ഡാമില്‍ അഞ്ചടിയിലധികം വെള്ളം കൂടി. കോവിഡ് നിമിത്തം സംസ്ഥാനത്തെ വൈദ്യുതോപയോഗത്തില്‍ കുറവ് വന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ശരാശരി ഏഴര ദശലക്ഷം യൂണിറ്റാണ് നിലവില്‍ മൂലമറ്റത്ത് നിന്നുള്ള പ്രതിദിന വൈദ്യുതോല്‍പാദനം. ആറ് ജനറേറ്ററുകളും പ്രവര്‍ത്തനക്ഷമമാണ്. 

ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുതോല്‍പാദനം നടത്തി ജലനിരപ്പ് കുറയ്ക്കുന്നതിനുള്ള സാധ്യതയും കെഎസ്ഇബി തേടുന്നുണ്ട്. ഇതുകൊണ്ടും മാറ്റമുണ്ടായില്ലെങ്കില്‍ ഡാം തുറക്കേണ്ടി വന്നാലുള്ള സാഹചര്യം വിലയിരുത്താനാണ് കെഎസ്ഇബി ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com