സ്ക്രാച്ച് കാർഡ് ചുരണ്ടിയപ്പോൾ 4993 രൂപ സമ്മാനം, പക്ഷേ പോയത് സ്വന്തം അക്കൗണ്ടിൽ നിന്ന്; പരാതി

കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയുമായ ലിമ്‌നിത്ത് മോഹനാണ് പണം നഷ്ടപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്; പണമിടപാട് ആപ്പിൽ നിന്ന് സമ്മാനമായി ലഭിച്ച സ്ക്രാച്ച് കാർഡു വഴി പണം നഷ്ടപ്പെട്ടതായി കണ്ണൂർ സ്വദേശിയുടെ പരാതി. സ്ക്രീച്ച് കാർഡ് ചുരണ്ടിയപ്പോൾ സമ്മാനമായി കാണിച്ച തുകയാണ് അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്. കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയുമായ ലിമ്‌നിത്ത് മോഹനാണ് പണം നഷ്ടപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടാകുന്നത്. ലിമ്‌നിത്ത് ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പ് വഴി ഒരു സ്ക്രാച്ച് കാർഡ് ലഭിച്ചു. ഇത് തുറന്നു ചുരണ്ടിയപ്പോൾ 4993 രൂപ സമ്മാനം ലഭിച്ചതായി സന്ദേശം ലഭിച്ചു.  സംശയം തോന്നി ഇടപാട് അവസാനിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും മറ്റൊരു ലിങ്കിലേക്ക് പോവുകയും അക്കൗണ്ടിൽനിന്ന്‌ 4993 രൂപ നഷ്ടപ്പെട്ടതായി ആപ്പിൽ സന്ദേശമെത്തുകയും ചെയ്തു.

പണമിടപാട് രേഖയിൽ അഭിഷേക് എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എന്നാൽ പണം നഷ്ടപ്പെടുന്നതിന് മുമ്പ് ഒടിപിയോ രഹസ്യ നമ്പറോ ആവശ്യപ്പെട്ടിട്ടില്ലെന്നും ലിമ്‌നിത്ത് പറഞ്ഞു. അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടപ്പെട്ട ഉടൻ സൈബർ സെല്ലിലും എടക്കാട് പോലീസ് സ്റ്റേഷനിലും പരാതി നൽകി. കൂടുതൽ പണം നഷ്ടപ്പെടാതിരിക്കാൻ സൈബർ സെല്ലിന്റെ സഹായത്തോടെ ലിമ്‌നിത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിശദമായ അന്വേഷണം നടത്തിയാലേ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com