'അമിത ആത്മവിശ്വാസം തിരിച്ചടിയായി', അശോക് ചവാന്‍ റിപ്പോർ‍ട്ട് സമർപ്പിച്ചു; കെപിസിസിയുടെ പുതിയ അധ്യക്ഷൻ വൈകാതെ

അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്ന് അശോക് ചവാൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
കോണ്‍ഗ്രസ് നേതാക്കള്‍/ഫയല്‍
കോണ്‍ഗ്രസ് നേതാക്കള്‍/ഫയല്‍

ന്യൂഡൽഹി; നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോൽവിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോർട്ട് നല്‍കി. അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് സമിതിക്കുളളത്. ആരുടേയും പേര് എടുത്തുപറയാതെയാണ് വിമർശനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും. 

അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്ന് അശോക് ചവാൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഇതിന്റെ  അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ടെന്നും ഇതിന്റെ  അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷനെ നിയമിക്കുക എന്നും സൂചനയുണ്ട്. 

പുതിയ അധ്യക്ഷൻ എന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല. നേതാക്കളിൽ കെ സുധാകരനാണ് മുൻ‌തൂക്കമുളളത്. പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിന് മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു. എന്നാൽ, ഒരു വിഭാഗം സുധാകരനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് അവർ പറയുന്നത്. 

കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതിയോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല. ഓണ്‍ലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങള്‍ ആരാഞ്ഞത്. എംഎല്‍എമാര്‍, എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com