പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 10 ബെഡുള്ള ഐസൊലേഷന്‍ വാര്‍ഡ്; കോവിഡ് ചികിത്സയ്ക്ക് ആറിന പരിപാടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 09:30 AM  |  

Last Updated: 04th June 2021 09:30 AM  |   A+A-   |  

KERALA BUDGET

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:   കോവിഡ് ചികിത്സയ്ക്ക് പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. കോവിഡ് ചികിത്സയ്ക്ക് മുഖ്യമായി ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 10 ബെഡുള്ള ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കും. പകര്‍ച്ചവ്യാധികളെ നേരിടാന്‍ മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ബ്ലോക്ക് തുടങ്ങും. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ ഒരുക്കുന്നതിന് 50 കോടി രൂപ അനുവദിച്ചതായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

പീഡീയാട്രിക് ഐസിയുവുകളില്‍ ബെഡുകള്‍ കൂട്ടും. പ്രത്യേക ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കും. സംസ്ഥാനത്ത് 150 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് 1000 കോടി രൂപ വകയിരുത്തി. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

രണ്ടാം കോവിഡ് തരംഗം നേരിടുന്നതിന് 20000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കോവിഡിനെ നേരിടുന്നതിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന്റെ പൊതു വരുമാനം കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലെ അനിശ്ചിതത്വം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. കേന്ദ്രം നികുതി വിഹിതം തരാത്തതും പ്രതിസന്ധി സൃഷ്ടിച്ചു.ഇതുമൂലം സ്വന്തം നിലയില്‍ പണം കണ്ടെത്തേണ്ട സ്ഥിതി സൃഷ്ടിച്ചു. ഇതുമൂലം റവന്യൂകമ്മി ഉയര്‍ന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.