പ്രവാസികള്‍ക്ക് ആശ്വാസ നടപടി; പുനരധിവാസത്തിന് വായ്പാ പദ്ധതി പ്രഖ്യാപിച്ചു

 കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി കേരള ബജറ്റ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസ നടപടിയുമായി കേരള ബജറ്റ്. പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതി പ്രഖ്യാപിച്ചു. പ്രവാസികളുടെ വായ്പാ പദ്ധതിക്ക് 25 കോടി നീക്കിവെച്ചു. കെഎഫ്‌സി 500 കോടിയുടെ പുതിയ വായ്പ അനുവദിക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടരുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ മെച്ചപ്പെടുത്താന്‍ ലാപ്‌ടോപ് നല്‍കുന്ന പദ്ധതി തുടരും.  രണ്ടു ലക്ഷം ലാപ്‌ടോപ് നല്‍കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞതവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ക്ലാസ് ടീച്ചര്‍മാര്‍ തന്നെ നേരിട്ട് ക്ലാസുകള്‍ നയിക്കും. മാറുന്ന വിദ്യാഭ്യാസരീതിയെ നേരിടാന്‍ നയം മാറ്റും. ഡിജിറ്റല്‍ സാങ്കേതികസംവിധാനങ്ങളെ ഏകോപിച്ച് തൊഴില്‍ ലഭ്യമാക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് 2000 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചു. നാലുശതമാനം പലിശനിരക്കില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴിയാണ് വായ്പ നല്‍കുക. കര്‍ഷകര്‍ക്ക് 2600 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കൃഷിഭവനുകളെ സ്മാര്‍ട്ടാക്കും. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ക്ക് 1100 കോടി രൂപ വായ്പ അനുവദിക്കും. നാലുശതമാനം പലിശയാണ് ഈടാക്കുക. കേരള ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മൂന്ന് ശതമാനം വരെ സബ്‌സിഡി അനുവദിക്കും. സംസ്ഥാനത്ത് അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.


കോവിഡ് ചികിത്സയ്ക്ക് പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. കോവിഡ് ചികിത്സയ്ക്ക് മുഖ്യമായി ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 10 ബെഡുള്ള ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കും. പകര്‍ച്ചവ്യാധികളെ നേരിടാന്‍ മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ബ്ലോക്ക് തുടങ്ങും. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ ഒരുക്കുന്നതിന് 50 കോടി രൂപ അനുവദിച്ചതായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

പീഡീയാട്രിക് ഐസിയുവുകളില്‍ ബെഡുകള്‍ കൂട്ടും. പ്രത്യേക ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കും. സംസ്ഥാനത്ത് 150 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സൗജന്യ വാക്‌സിന്‍ നല്‍കുന്നതിന് 1000 കോടി രൂപ വകയിരുത്തി. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

രണ്ടാം കോവിഡ് തരംഗം നേരിടുന്നതിന് 20000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കോവിഡിനെ നേരിടുന്നതിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.


സംസ്ഥാനത്തിന്റെ പൊതു വരുമാനം കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതിലെ അനിശ്ചിതത്വം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. കേന്ദ്രം നികുതി വിഹിതം തരാത്തതും പ്രതിസന്ധി സൃഷ്ടിച്ചു.ഇതുമൂലം സ്വന്തം നിലയില്‍ പണം കണ്ടെത്തേണ്ട സ്ഥിതി സൃഷ്ടിച്ചു. ഇതുമൂലം റവന്യൂകമ്മി ഉയര്‍ന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com