കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം എത്തിച്ചപ്പോള്‍ മകന്‍ ഗേറ്റ് പൂട്ടി; പൂട്ട് തകര്‍ത്ത് പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 08:17 AM  |  

Last Updated: 04th June 2021 08:17 AM  |   A+A-   |  

palakkad covid death

ഫയല്‍ ചിത്രം

 

പള്ളിപ്പുറം: കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടിൽ കയറ്റാൻ അനുവദിക്കാതെ മകൻ. ആശുപത്രിയിൽ വെച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മകൻ വീടിന്റെ ഗേറ്റുപൂട്ടി. 

മകളുടെ വീട്ടിലേക്ക് കുടുംബവീട് വഴി മൃതദേഹം കൊണ്ടുപോകുന്നതിനാണ് മകൻ തടസ്സം നിന്നത്. ജനപ്രതിനിധികളും പോലീസും സംസാരിച്ചിട്ടും ഗേറ്റുതുറക്കാൻ മകൻ തയ്യാറായില്ല. സ്വത്തുതർക്കത്തിന്റെ തുടർച്ചയായാണ് മകന്റെ മനുഷ്യത്വമില്ലാത്ത പ്രവർത്തി. 

ഒടുവിൽ പൊലീസ് പൂട്ടുമുറിച്ച് മൃതദേഹം മകളുടെ വീട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംസ്കരിച്ചു. വിരമിച്ച അധ്യാപികയായ അമ്മ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയാണു മരിച്ചത്. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ​ഗേറ്റ് പൂട്ടിയതിനെ തുടർന്ന് പ്രശ്നങ്ങൾ ആരംഭിച്ചത്. 

ജനപ്രതിനിധികളെത്തിയാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വീടിനടുത്തെത്തിയപ്പോഴാണ് മകൻ ഗേറ്റുപൂട്ടിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്. മകൻ താമസിക്കുന്ന കുടുംബ വീട്ടിലൂടെ കടന്നുവേണം മകളുടെവീട്ടിലെത്താൻ.

പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും പോലീസുമെത്തി സംസാരിച്ചിട്ടും ഇയാൾ ഗേറ്റുതുറന്നില്ല. തർക്കത്തിൽ മകന്റെ ഭാര്യയും പോലീസിനോടു തട്ടിക്കയറി. അവസാനം പൂട്ടുതകർത്താണ് മൃതദേഹം കൊണ്ടുപോയി സംസ്‌കരിച്ചത്. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ചേർത്തല പോലീസ് പറഞ്ഞു.