ആരോപണങ്ങളുടെ മുൾമുനയിൽ സുരേന്ദ്രൻ, ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്; കുഴൽപ്പണ കേസ് മുഖ്യ ചർച്ച  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2021 07:48 AM  |  

Last Updated: 06th June 2021 07:56 AM  |   A+A-   |  

bjp state president surendran

കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

 


കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും. ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും. കൊടകര കുഴൽപ്പണകേസും തുടർന്നുണ്ടായ വിവാദങ്ങളും യോ​ഗത്തിൽ പ്രധാന ചർച്ചയാകും. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് കൊച്ചിയിലാണ് യോഗം. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കും. 

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ അതൃപ്തി തുടങ്ങിയ കാര്യങ്ങൾ യോ​ഗത്തിൽ ചർച്ചയാകും. കൊടകര കുഴൽപണക്കേസിൽ പാർട്ടി എന്തു നിലപാട് സ്വീകരിക്കണമെന്നും വിഷയത്തിൽ ഇനി മുതൽ ആരൊക്കെ പ്രതികരിക്കണമെന്നതും ഇന്നു തീരുമാനിച്ചേക്കും. 

നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ സമീപിക്കാൻ ചില നേതാക്കൾ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. പാർട്ടിക്കെതിരായി ഉയരുന്ന ആരോപണങ്ങൾ അവസാനിപ്പിക്കാൻ കെ സുരേന്ദ്രന് കഴിയില്ലെന്നാണ് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രൻ പക്ഷം കരുതുന്നത്. ആരോപണങ്ങളുടെ നിജസ്ഥിതി കോർ കമ്മിറ്റിയോഗത്തിൽ സുരേന്ദ്രനും ഒപ്പമുള്ള നേതാക്കളും വിവരിക്കേണ്ടി വരും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർന്നുള്ള വിശദീകരണ യോഗങ്ങളിൽനിന്ന‌ടക്കം വിട്ടുനിൽക്കാനാണ് എതിർചേരിയുടെ തീരുമാനം. 

സുരേന്ദ്രൻ രാജിവെച്ചാൽ അതൊരു കുറ്റസമ്മതമായി പ്രചരിപ്പിച്ചേക്കുമെന്ന അഭിപ്രായക്കാരും പാർട്ടിക്കകത്തുണ്ട്. എന്നാൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ അയവുവരുത്താൻ സുരേന്ദ്രന്റെ രാജിക്ക് കഴിയുമെന്നാണ് മറ്റൊരുവിഭാ​ഗം കരുതുന്നത്.