'സഭയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി'; മുഖ്യമന്ത്രിക്കൊപ്പം പ്രതികള്‍; ചിത്രം പുറത്തുവിട്ട് പി ടി തോമസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2021 03:45 PM  |  

Last Updated: 10th June 2021 03:45 PM  |   A+A-   |  

pt_thomas

പി ടി തോമസിന്റെ വാര്‍ത്താ സമ്മേളനം/ ടെലിവിഷന്‍ ദൃശ്യം


തിരുവനന്തപുരം: മുട്ടില്‍ മരം കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പി ടി തോമസ്. പ്രതികള്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം നിയമസഭയില്‍ എടുത്തുയര്‍ത്തിയായിരുന്നു പി ടിയുടെ ആരോപണം. മാംഗോ മൊബൈലിന്റെ സൈറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് മുകേഷ് എംഎല്‍എയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ കോഴിക്കോടുവെച്ചു ദേശാഭിമാനി സംഘടിപ്പിച്ച എംടി വാസുദേവന്‍ നായരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പ്രതികളെ കണ്ടു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നും ഇത് ഗൗരതരമാണെന്നും പി ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

2017 ജനുവരി 21, 22 തീയികളിലാണ് മുഖ്യമന്ത്രി പ്രതികളെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.  പ്രതികള്‍ക്ക് എതിരെ ഇന്ത്യയിലും വിദേശത്തുമായി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 11 സാമ്പത്തിക കേസുകളുണ്ടെന്നും തോമസ് ആരോപിച്ചു. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പി ടി തോമസ് സഭയില്‍ അനുമതി തേടിയിരുന്നു. എന്നാല്‍ സ്പീക്കര്‍ സമയം നല്‍കിയില്ല. തുടര്‍ന്ന് എല്‍ദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിനിടെ പി ടി തോമസ് ചിത്രം ഉയര്‍ത്തിക്കാട്ടി രംഗത്തുവരികയായിരുന്നു. പിന്നാലെ മീഡിയ റൂമിലെത്തി പത്രസമ്മേളനത്തിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. 

മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് താനല്ലെന്നും തട്ടിപ്പുകാരുടെ സ്വാധീനത്തില്‍ നില്‍ക്കുന്നത് താനല്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് മറ്റൊരു മുഖ്യമന്ത്രിയാണെന്നും അത് ആരാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കുന്നതില്‍ പി ടി തോമസിന് സന്തോഷം ഉണ്ടാകും. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി ടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.