പിറന്നപ്പോൾ തൂക്കം 500 ഗ്രാം മാത്രം; മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് വിരാമം; നവജാത ശിശു ജീവിതത്തിലേക്ക്

പിറന്നപ്പോൾ തൂക്കം 500 ഗ്രാം മാത്രം; മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് വിരാമം; നവജാത ശിശു ജീവിതത്തിലേക്ക്
നവജാത ശിശുവിനോടും അമ്മയോടുമൊപ്പം എൻഐസിയു ഇൻ ചാർജ് ഡോ. സിന്ധു സ്റ്റീഫൻ, നേഴ്സുമാരായ ജിബി, മിനു എന്നിവർ
നവജാത ശിശുവിനോടും അമ്മയോടുമൊപ്പം എൻഐസിയു ഇൻ ചാർജ് ഡോ. സിന്ധു സ്റ്റീഫൻ, നേഴ്സുമാരായ ജിബി, മിനു എന്നിവർ

കൊച്ചി: 500 ഗ്രാം തൂക്കവുമായി പിറന്ന നവജാത ശിശു കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നു മൂന്ന് മാസത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക്. കൂനമ്മാവ് സ്വദേശികളായ രേഷ്മ ജോൺസൻ- ഡാൽ സേവിയർ ദമ്പതികൾക്കാണ് ഇരുപത്തിയേഴാം ആഴ്ചയിൽ 500 ഗ്രാം മാത്രം ഭാരമുള്ള കുട്ടി പിറന്നത്. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്നാണ് ഇരുപത്തിയേഴാം ആഴ്ചയിൽ രേഷ്മ കുഞ്ഞിന് ജന്മം നൽകിയത്. 

സ്വകാര്യ ആശുപത്രിയിൽ നിന്നു കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജിൽ എത്തിച്ച നവജാത ശിശു ആശുപത്രി വിട്ടത് 1.5 കിലോ തൂക്കവുമായാണ്. പൂർണമായും കോവിഡ് ആശുപത്രിയാക്കി കളമശ്ശേരി മെഡിക്കൽ കോളജിനെ മാറ്റിയപ്പോൾ ഗുരുതരാവസ്ഥയിൽ  ആയിരുന്ന  കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമായിരുന്നില്ല. 

ശിശു രോഗ വിഭാഗം മേധാവി ഡോ. ഷിജി ജേക്കബ് , എൻഐസിയു ഇൻ ചാർജ് ഡോ. സിന്ധു സ്റ്റീഫൻ, മെഡിക്കൽ പിജി വിദ്യാർത്ഥി ഡോ. ലക്ഷ്മി തുടങ്ങിയ ഡോക്ടർമാരുടെയും, എൻഐസിയു ഹെഡ് നേഴ്സ് ഫ്‌ളെക്‌സി, നേഴ്സുമാരായ ധന്യ, ജിബി, മിനു അനീഷ തുടങ്ങിയ  നഴ്‌സുമാരുടെയും സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകിയത് . 

ശ്വാസം മുട്ടലിനെ തുടർന്ന് മൂന്ന് ആഴ്ച കൃത്രിമ ശ്വസന സഹായിയും 2 ആഴ്ച ഓക്സിജനും നൽകേണ്ടി വന്നു. വിളർച്ച നേരിട്ട കുഞ്ഞിന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുകയും കുടലിനും വൃക്കയ്ക്കും അണുബാധ ഉണ്ടായതിനെ തുടർന്ന് രണ്ടാഴ്ച പേരെന്ററൽ പോഷകാഹാരമാണ് നൽകിയതെന്ന് ഡോ. സിന്ധു സ്റ്റീഫൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com