കോവിഡ് വാക്സിൻ; കേരളത്തിന്റെ ആ​ഗോള ടെണ്ടറിൽ ആരും പങ്കെടുത്തില്ല

By സമകാലിക മലയാളം ഡെസ്ക്  |   Published: 11th June 2021 06:37 PM  |  

Last Updated: 11th June 2021 06:37 PM  |   A+A-   |  

kerala's global tender

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോവിഡ് വാക്സിൻ കേരളത്തിൽ എത്തിക്കാൻ വിളിച്ച ആഗോള ടെണ്ടറിൽ ആരും പങ്കെടുത്തില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയും മറ്റു മൂന്ന് വിദേശ ഏജൻസികളും അംഗീകരിച്ച വിദേശ വാക്സിനുകൾ സംസ്ഥാനത്ത് എത്തിക്കാനായിരുന്നു ടെണ്ടർ വിളിച്ചത്. മറ്റ് സംസ്ഥാനങ്ങൾ വിളിച്ച ആഗോള ടെണ്ടറുകൾക്കും  സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സർക്കാർ അറിയിച്ചു.

വാക്സിൻ ക്ഷാമത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയായിരുന്നു ടെണ്ടർ വിളിച്ചത്. വ്യാഴാഴ്ചയാണ് ഇതിന്റെ ടെക്നിക്കൽ ബിഡ് തുറന്നത്. എന്നാൽ താത്‌പര്യം പ്രകടിപ്പിച്ച് ആരും ടെണ്ടർ സമർപ്പിച്ചില്ല. കേരള മെഡിക്കൽ സർവീസ് കേർപറേഷനായിരുന്നു ആഗോള ടെണ്ടർ വിളിച്ചത്‌.

വാക്സിൻ വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്നും ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ  ആൾക്കൂട്ടം ഉണ്ടാകുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്.