10 കോടി രൂപ ഇറ്റലി കൈമാറി, നഷ്ടപരിഹാര തുക വിതരണം ഹൈക്കോടതിക്ക് ; കടല്‍ക്കൊല കേസ് അവസാനിപ്പിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2021 04:06 PM  |  

Last Updated: 11th June 2021 04:06 PM  |   A+A-   |  

Supreme Court On Sedition

സുപ്രീം കോടതി/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി:  കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും. കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം 10 കോടി രൂപ ഇറ്റലി കൈമാറിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

ഈ തുക സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. ഇറ്റലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സൊഹൈല്‍ ദത്തയും ഈ ആവശ്യം ഉന്നയിച്ചു. 

കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറ്റലി കൈമാറിയ നഷ്ടപരിഹാരത്തുകയുടെ വിതരണം എങ്ങനെ ആയിരിക്കണമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.ആര്‍. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചോദിച്ചു.  

10 കോടി രൂപ ആദ്യം സ്ഥിരം നിക്ഷേപമായി സൂക്ഷിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാര വിതരണം ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.  കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ തങ്ങളുടെ രാജ്യത്ത് നിയമപരമായ നടപടികള്‍ തുടരുമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു.

നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് 10 കോടി നഷ്ടപരിഹാരമായി ഇറ്റലി സര്‍ക്കാര്‍ കൈമാറിയത്. രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി നഷ്ടപരിഹാരം നല്‍കുന്നത്. വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ലഭിക്കും.