കുളിമുറിയിൽ അന്തിയുറങ്ങിയ ആ അമ്മയെ തേടി ഒടുവിൽ മകന്റെ വിളി എത്തി; സംരക്ഷണം ഏറ്റെടുക്കാം എന്ന ഉറപ്പും

By സമകാലിക മലയാളം ഡെസ്ക്  |   Published: 12th June 2021 08:18 PM  |  

Last Updated: 12th June 2021 08:18 PM  |   A+A-   |  

Old_People_Photo

പ്രതീകാത്മക ചിത്രം

 

കൊച്ചി: കുളിമുറിയില്‍ അന്തിയുറങ്ങേണ്ടി വന്ന പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വൃദ്ധ മാതാവിനെ വനിതാ കമ്മീഷന്‍റെ ഇടപെടലിനെത്തുടര്‍ന്ന് വിദേശത്തുള്ള മകന്‍ ഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ സൗകര്യങ്ങളും ചെലവും നല്‍കാമെന്ന് അഭിഭാഷകന്‍ മുഖേന വാഗ്ദാനം നല്‍കുകയും ചെയ്തു. 

മാതാവിന്‍റെ സംരക്ഷണത്തിനായി 5000 രൂപ വീട്ടു വാടകയും, പുറമേ ഹോം നഴ്സിന്‍റെ  ശമ്പളവും, പ്രതിമാസ ചെലവിനുള്ള തുകയും നല്‍കാമെന്ന് മകന്‍റെ അഭിഭാഷകന്‍ കമ്മീഷന്‍ ചുമതലപ്പെടുത്തിയ പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉറപ്പു നല്‍കി. മൂന്ന് മാസത്തിനു ശേഷം വിദേശത്തു നിന്ന് മകന്‍ വരുമ്പോള്‍ അമ്മയുടെ സംരക്ഷണം പൂര്‍ണമായും ഏറ്റെടുത്തുകൊള്ളാം എന്നും സമ്മതിച്ചിട്ടുണ്ട്.  

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടത്തുരുത്ത് എട്ടാം വാര്‍ഡിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ സാറാമ്മ (78) എന്ന വൃദ്ധ മാതാവിന്‍റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞയുടന്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി ആര്‍ഡിഒ, പൊലീസ്, പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വൃദ്ധ മാതാവിന്‍റെ സംരക്ഷണത്തിന് വനിതാ കമ്മീഷന്‍റെ നിര്‍ദേശാനുസരണം വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 

പഞ്ചായത്ത് പ്രസിഡന്‍റ് ശില്‍പ സുധീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ചാക്കപ്പന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു പീറ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈമി വര്‍ഗീസ്, കുറുപ്പുംപടി എസ്എച്ച്ഒ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിദേശത്തുള്ള മകന്‍റെ അഭിഭാഷകനുമായി സംസാരിച്ചത്.