'ഭാര്യയ്ക്ക് അസുഖമാണ്, അടുത്തമുറിയിലുണ്ട്'; കണ്ടത് പുഴുവരിച്ച  മൃതദേഹം, മരിച്ചത് അറിയാതെ ഭർത്താവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2021 08:28 AM  |  

Last Updated: 14th June 2021 08:54 AM  |   A+A-   |  

elder lady found dead in house

പ്രതീകാത്മക ചിത്രം

 

തൃശൂർ; തൊട്ടടുത്ത മുറിയിൽ ഭാര്യ മരിച്ചു കിടക്കുന്നത് രാമകൃഷ്ണൻ അറിഞ്ഞില്ല. സുഖമില്ലാതെ കിടക്കുന്നുറങ്ങുകയാണെന്നായിരുന്നു വിചാരിച്ചിരുന്നത്. മൂന്ന് ദിവസം ഭക്ഷണമില്ലാതെ ഇരുന്നിട്ടും പുറത്തിറങ്ങി സഹായം ചോദിക്കാൻ പോലും രാമകൃഷ്ണൻ തയാറായില്ല. അവസാനം കോവിഡ് വാക്സിന്റെ വിവരം പറയാൻ ആശ പ്രവർത്തകയുടെ ഭർത്താവ് വന്നതോടെയാണ് മരണവിവരം പുറംലോകം അറിയുന്നത്. 

ഇന്നലെയാണ് തൃശൂരിലെ മനക്കോടിയിലെ വീട്ടിൽ 65 കാരി സരോജിനിയുടെ മൃതദേഹം വീട്ടിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകളുള്ള ഭർത്താവ് രാമകൃഷ്ണൻ ഭാര്യ മരിച്ചതറിയാതെ അവശനിലയിലായിരുന്നു. മനക്കൊടി കിഴക്കുംപുറം ബ്രൈറ്റ്മെൻസ് നഗർ ലിങ്ക് റോഡിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം സമീപവാസികൾ അറിയുന്നത്. സരോജിനിയുടെ മരണം നടന്നിട്ടു ദിവസങ്ങളായെന്നു പൊലീസ് പറയുന്നു. 

രോഗിയായ രാമകൃഷ്ണൻ മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വാക്സിനേഷൻ സംബന്ധിച്ച് വിവരം കൊടുക്കുന്നതിനായി സരോജിനിയെ ആശാ വർക്കർ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ ആശാ വർക്കറുടെ ഭർത്താവ് തിരഞ്ഞെത്തിയപ്പോഴാണു സംഭവം അറിയുന്നത്. ഭാര്യയ്ക്ക് അസുഖമാണെന്നും അടുത്ത മുറിയിലുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞതോടെ വാർഡ് അംഗം ഹരിദാസ് ബാബു എത്തി ജനൽ തുറന്നു നോക്കിയപ്പോഴാണ് സരോജിനിയുടെ മൃതദേഹം കട്ടിലിൽ കണ്ടത്. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഏക മകൻ ദിനേശൻ കഴിഞ്ഞ തിങ്കളാഴ്ച കോളങ്ങാട്ടുകരയിൽ ജോലിക്കു പോയതായിരുന്നു.