'തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം ബന്ധനം തന്നെ' ; സജിത പറയുന്നത് അവിശ്വസനീയം : വനിതാ കമ്മീഷന്‍

സജിതയെ കാണാതായെന്ന പരാതിയില്‍ പൊലീസ് വേണ്ടത്ര ഇടപെട്ടില്ല. തെറ്റായ മാതൃകകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ജോസഫൈന്‍
ഫയല്‍ ചിത്രംഎം സി ജോസഫൈന്‍, സജിത, റഹ്മാന്‍ / ഫയല്‍ ചിത്രം
ഫയല്‍ ചിത്രംഎം സി ജോസഫൈന്‍, സജിത, റഹ്മാന്‍ / ഫയല്‍ ചിത്രം

പാലക്കാട് : നെന്മാറയില്‍ കാമുകിയായ യുവതിയെ യുവാവ് 10 വര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം ബന്ധനം തന്നെയാണ്. പ്രണയിച്ച് ഒരുമിച്ച് ജീവിക്കാന്‍ തെരഞ്ഞെടുത്ത രീതി ശരിയല്ലെന്നും ജോസഫൈന്‍ പറഞ്ഞു. 

നെന്മാറയിലെത്തി ഒളിവില്‍ കഴിഞ്ഞ സിതയുടെയും കാമുകന്‍ റഹ്മാന്റെയും മൊഴി രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. സാധാരണ പൊതുജീവിതത്തില്‍ കാണാത്ത അസാധാരണ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് മാത്രം പരിഗണിക്കില്ല. സജിതയെ കാണാതായെന്ന പരാതിയില്‍ പൊലീസ് വേണ്ടത്ര ഇടപെട്ടില്ല. തെറ്റായ മാതൃകകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ജോസഫൈന്‍ പറഞ്ഞു. 

10 വര്‍ഷം മുമ്പ് വീടിനടുത്തുള്ള കാവില്‍ വെച്ച് തങ്ങള്‍ വിവാഹിതരായി എന്നും, തുടര്‍ന്ന് റഹ്മാന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു എന്ന് സജിത മൊഴി നല്‍കി. എന്തുകൊണ്ട് മറ്റൊരു വീടെടുത്ത് താമസിച്ചില്ലെന്ന ചോദ്യത്തോട്, സാമ്പത്തിക പരാധിനതകളും വീട്ടുകാരുടെ എതിര്‍പ്പ് ഭയന്നുമാണ് അങ്ങനെ ചെയ്യാതിരുന്നതെന്ന് റഹ്മാന്‍ പറഞ്ഞുവെന്നും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. 

സജിത 10 കൊല്ലം താമസിച്ച മുറി വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു. റഹ്മാന്റെയും സജിതയുടെയും വാദത്തില്‍ അവിശ്വസനീയതയുണ്ട്. അതിന്റെ സാങ്കേതികത്വങ്ങള്‍ അന്വേഷിച്ച് പുറത്തുകൊണ്ടു വരേണ്ടതുണ്ടെന്നാണ് കമ്മീഷന്റെ നിലപാടെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്തകള്‍ സത്യമാണെന്നാണ് നെന്മാറ സിഐ പറഞ്ഞത്. ഒരുമിച്ച് ജീവിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത രീതിയെ മഹത്വവല്‍ക്കരിക്കുന്നത് ശരിയല്ല. ഇത്തരമൊരു രീതിയല്ല പ്രണയിച്ച് ജീവിക്കാന്‍ തെരഞ്ഞെടുക്കേണ്ടതെന്നും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത അഭ്യര്‍ത്ഥിച്ചു. ഞങ്ങള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഇക്കയുടെ പേരില്‍ കേസെടുത്തു എന്ന് പറയുന്നുണ്ട്. എന്തിന് കേസെടുത്തു എന്ന് തനിക്ക് അറിയണമെന്നും സജിത പറഞ്ഞു. എന്റെ ഇഷ്ടത്തോടും സമ്മതത്തോടെയുമാണ് താന്‍ അവിടെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോഴും കഴിയുന്നതും. ഒരു ദ്രോഹവും എനിക്ക് ചെയ്തിട്ടില്ല. ഇപ്പോഴും ഫുള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. വനിതാ കമ്മീഷന്‍ വനിതകളെ സംരക്ഷിക്കുന്നതാണെന്ന് പറയുന്നു. 

ഇക്ക ഇല്ലെങ്കില്‍ സംരക്ഷിക്കുമോ ?. ഇക്കയാണ് തന്റെ സംരക്ഷണമെന്നും സജിത മാധ്യമങ്ങളോട് പറഞ്ഞു. ഇക്കയുടെ പേരിലുള്ള കേസ് ഒഴിവാക്കി തരണമെന്നും സജിത ആവശ്യപ്പെട്ടു. യുവതി തങ്ങളുടെ വീട്ടില്‍ 10 കൊല്ലം ഒളിവില്‍ താമസിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നത്. യുവതിയെ മറ്റെവിടെയെങ്കിലും താമസിപ്പിക്കുകയായിരുന്നിരിക്കാമെന്നും ഇവര്‍ പറയുന്നു. 

എന്നാല്‍ 10 വര്‍ഷവും വീട്ടില്‍ താമസിച്ചു എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സജിതയും റഹ്മാനും. പത്തുവര്‍ഷത്തിനിടെ ഉണ്ടായ വീട്ടിലെ സംഭവവികാസങ്ങളും സാജിത പൊലീസിനോട് വിശദീകരിച്ചിരുന്നു. യുവതി ഒളിവില്‍ താമസിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്നും, റഹ്മാനും സജിതയും പറയുന്നത് സത്യമാണെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com