സംസ്ഥാനത്ത് ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുത്, തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2021 02:42 PM  |  

Last Updated: 15th June 2021 02:42 PM  |   A+A-   |  

RAIN IN KERALA

മഴമേഘങ്ങള്‍ നിറഞ്ഞ കൊച്ചിയിലെ ദൃശ്യം, ഫയല്‍

 

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നി ജില്ലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  24 മണിക്കൂറില്‍ 115 mm വരെയുള്ള ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഈ ദിവസങ്ങളില്‍ കേരളത്തീരത്ത് നിന്ന് കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച വരെ തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ 18 വരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.