പൂവ്വാര്‍- മഞ്ചേശ്വരം തീരദേശ പാത രണ്ടുവര്‍ഷത്തിനകം, വാട്ടര്‍ മെട്രോ ഓഗസ്റ്റില്‍; ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസത്തിന് മുഖ്യ പരിഗണനയെന്ന് മുഖ്യമന്ത്രി 

സര്‍ക്കാരിന്റെ മുന്‍ഗണനാപദ്ധതികള്‍ സമയബദ്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍: ഫയല്‍/എക്‌സ്പ്രസ്
പിണറായി വിജയന്‍: ഫയല്‍/എക്‌സ്പ്രസ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ മുന്‍ഗണനാപദ്ധതികള്‍ സമയബദ്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് പ്രവര്‍ത്തനം വേഗത്തിലാക്കണം. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ഗണനാപദ്ധതികളുടെ അവലോകനം യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കൊച്ചി മെട്രോയുടെ പേട്ടമുതല്‍ എസ്.എന്‍. ജങ്ഷന്‍ വരെയുള്ള ഭാഗം 2022 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കും. കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തും. പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടര്‍മെട്രോ പദ്ധതി ഊര്‍ജ്ജിതപ്പെടുത്തും. ഓഗസ്റ്റില്‍ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഇതിന്റെ ആദ്യ ഭാഗം കമ്മിഷന്‍ ചെയ്യും.

സെമീഹൈസ്പീഡ് റെയില്‍വേയുടെ അവസാന അലൈന്‍മെന്റ് എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാതം പഠനം വേഗത്തിലാക്കണം. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ അനുമതി വേണ്ട സ്ഥലങ്ങള്‍ ബന്ധപ്പെട്ടവര്‍ സന്ദര്‍ശിച്ച് രൂപരേഖ ഉണ്ടാക്കണം. മൂന്നുമാസത്തിനകം ഡി.പി.ആര്‍. പൂര്‍ത്തിയാക്കണം.

പൂവ്വാര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശ പാത സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണ്. രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകത്തക്കവിധം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കണം. ദേശീയ ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൊച്ചി അര്‍ബന്‍ ഡെവലപ്പ്‌മെന്റ് ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഭാഗമായി കനാല്‍ ശുചീകരണത്തിന് വേഗത കൂട്ടണം. തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള ഫ്‌ളൈ ഓവറുകളുടെ  നിര്‍മ്മാണം, ലൈറ്റ് മെട്രോയുടെ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം തേടല്‍ മുതലായ കാര്യങ്ങള്‍ ത്വരിതപ്പെടുത്തണം. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായ വയനാട് ടണല്‍ റോഡ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തി നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍  ചീഫ്‌സെക്രട്ടറി ഡോ. വി പി ജോയ്, വിവിധ വകുപ്പു സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com