നട്ടെല്ലുണ്ടെങ്കില്‍ അന്വേഷിക്കൂ ; പിണറായിയെ വെല്ലുവിളിച്ച് കെ സുധാകരന്‍

തന്നെ അർധന​ഗ്നനാക്കി ഓടിച്ചെന്ന് പിണറായി വിജയൻ പറയുന്നത് നുണയാണ്
കെ സുധാകരന്‍, പിണറായി വിജയന്‍ / ഫയല്‍
കെ സുധാകരന്‍, പിണറായി വിജയന്‍ / ഫയല്‍

കൊച്ചി : നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.  നിങ്ങളുടെ സര്‍ക്കാര്‍, നിങ്ങളുടെ പൊലീസ്. തന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ നട്ടെല്ല് കാണിക്കണം. ഏത് അന്വേഷണ ഏജന്‍സിക്കും അന്വേഷിക്കാം. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കണം. ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. 

തനിക്ക് മാഫിയ ബന്ധം ഉണ്ടെന്നാണ് പിണറായി വിജയന്‍ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം. മാഫിയ ബന്ധം തനിക്കല്ല, ബാഗില്‍ വെടിയുണ്ട കൊണ്ട് നടന്ന പിണറായി വിജയനാണ്. എന്തിനാണ് പിണറായി വിജയൻ വെടിയുണ്ട കൊണ്ട് നടന്നത്. പുഴുങ്ങിത്തിന്നാനാണോ ?. തോക്കും, വെടിയുണ്ടയുമായി നടക്കുന്ന പിണറായിയാണോ തോക്ക് ഉപയോഗിക്കാത്ത താനാണോ മാഫിയ എന്നും സുധാകരൻ ചോദിച്ചു. 

വെടിയുണ്ട കണ്ടെടുത്തപ്പോള്‍ മാനനഷ്ടക്കേസ് കൊടുത്തു, അതിന് നേരിട്ട തിരിച്ചടി പിണറായിക്ക് ഓര്‍മ്മയില്ലേ എന്നും സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും മാഫിയ ​ഗ്രൂപ്പുകളുമായി തനിക്ക് ബന്ധമുണ്ടെങ്കിൽ തെളിയിക്കണം. സ്‌കൂള്‍ ഫണ്ടും രക്തസാക്ഷിളുടെ ഫണ്ടും ദുരുപയോഗം ചെയ്തത് പിണറായി അന്വേഷിക്കേണ്ട. അതിന് തന്റെ പാര്‍ട്ടിയുണ്ട്. ഇതിനെ കുറിച്ച് ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ പോലീസിനെ വെച്ച് അന്വേഷിക്കണമെന്നും സുധാകരൻ പറഞ്ഞു.

തന്നെ അർധന​ഗ്നനാക്കി ഓടിച്ചെന്ന് പിണറായി വിജയൻ പറയുന്നത് നുണയാണ്. ബ്രണ്ണൻ കോളേജിൽ ഉണ്ടായിരുന്ന ആരെങ്കിലും ഇത് ശരിയാണെന്ന് പറയുമോയെന്ന് സുധാകരൻ ചോദിച്ചു. തന്നെ മറിച്ചിടാനുള്ള ശാരീരികശേഷിയൊന്നും അന്ന് പിണറായി വിജയന് ഉണ്ടായിരുന്നില്ല. എകെ ബാലന്റെ ആരോപണവും തെറ്റാണ്. എകെ ബാലന്‍ ബ്രണ്ണനിലെത്തുന്നത് 1971 ലാണ്. താന്‍ പഠിച്ചത് 67ലാണ്. പേരാമ്പ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്. കോൺ​ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ പാര്‍ട്ടിയ്ക്ക് അകത്തും പുറത്തുമല്ലാത്ത അവസ്ഥയിലാണ്. മമ്പറത്തിന്റെ കാര്യം കെപിസിസി ചർച്ച ചെയ്യുമെന്നും കെ സുധാകരൻ പറ‍ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com