കൂലിപ്പണിക്കാരന്റെ നാക്കിൽ സിഗരറ്റ്​ കുത്തി പൊള്ളിച്ചു, സംഭവം 25 വർഷം മുമ്പ്; പൊലീസുകാരുടെ തടവുശിക്ഷ ശരിവെച്ച്​ ഹൈകോടതി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 10:40 PM  |  

Last Updated: 23rd June 2021 10:43 PM  |   A+A-   |  

Delhi High Court

പ്രതീകാത്മക ചിത്രം

 

കൊച്ചി: 25 വർഷം മുമ്പ് കൂലിപ്പണിക്കാരനായ അയ്യപ്പൻ എന്നയാളെ ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ച പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ കീഴ്​കോടതി വിധിച്ച തടവുശിക്ഷ ശരിവെച്ച് ഹൈകോടതി.1996ലാണ് എഴുകോൺ സ്വദേശിയായ അയ്യപ്പനെ പൊലീസ് ലോക്കപ്പിൽ ക്രൂരമർദനത്തിന്​ ഇരയാക്കിയത്. ഇയാളുടെ നാക്കിൽ സിഗരറ്റ്​ കുത്തി പൊള്ളലേൽപിച്ചു.  

കേസിലെ ഒന്നാം പ്രതിയും സംഭവം നടക്കുമ്പോൾ എഴുകോൺ എസ്​ ഐയുമായിരുന്ന ഡി രാജഗോപാൽ, മൂന്നുമുതൽ അഞ്ചുവരെ പ്രതികളും കോൺസ്​റ്റബിൾമാരുമായിരുന്ന മണിരാജ്, ബേബി, ഷറഫുദ്ദീൻ എന്നിവർക്ക്​ ​കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച ഒരുവർഷം വീതം തടവും 3500 രൂപ പിഴയും ശിക്ഷയാണ്​ ശരിവെച്ചത്​. രണ്ടാം പ്രതിയായിരുന്ന എഎസ്ഐ ടി കെ പൊടിയൻ വിചാരണ കാലയളവിൽ മരിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ്​ അയ്യപ്പനെ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ ഇയാൾക്ക് പരസഹായം കൂടാതെ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ലോക്കപ്പ്​ മർദനത്തെക്കുറിച്ച്​ അയ്യപ്പൻ മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടു. ഇക്കാര്യം റിമാൻഡ് അപേക്ഷയിൽ രേഖപ്പെടുത്തി. 

1996ൽതന്നെ അയ്യപ്പൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. 13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പൊലീസുകാരെ ശിക്ഷിച്ച്​ മജിസ്​ട്രേറ്റ്​ കോടതി ഉത്തരവിട്ടത്​. 10,000 രൂപ അയ്യപ്പന് നഷ്​ടപരിഹാരം നൽകാനും ഉത്തരവുണ്ടായി.