ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം, മകളെ മണ്ണെണ്ണയൊഴിച്ച് തീവെച്ചത്; യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 09:10 AM  |  

Last Updated: 24th June 2021 09:10 AM  |   A+A-   |  

Family against husband in young woman's death

പ്രതീകാത്മക ചിത്രം

 

പാലക്കാട്; ഭര്‍തൃവീട്ടില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ കുടുംബം. ഭര്‍ത്താവ് തീകൊളുത്തി കൊന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കാരാപ്പാടം സ്വദേശി ശ്രീജിത്തിന്റെ ഭാര്യ സ്വദേശി ശ്രുതിയെ കിഴക്കഞ്ചേരിയിലെ ശ്രീജിത്തിന്റെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് തിങ്കളാഴ്ച ശ്രുതി മരിക്കുകയായിരുന്നു. 

ജൂൺ 18നാണ് സംഭമുണ്ടാകുന്നത്. തീപ്പൊള്ളലേറ്റ ശ്രുതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് മരണത്തിന് മുന്‍പ് ശ്രുതി പറഞ്ഞിരുന്നുവെന്നാണ് കുടുംബം പറയുന്നത്. മണ്ണെണ്ണ ഒഴിച്ചാണ് പൊള്ളലേല്‍പ്പിച്ചതെന്ന് ശ്രുതിയുടെ അച്ഛനും ആരോപിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി ശ്രീജിത്തിന് ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. 

ഭര്‍ത്താവ് അടുത്തുനില്‍ക്കെ തീപ്പൊള്ളലേറ്റ് മരിക്കാനിടയായതില്‍ സംശയങ്ങളുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി വടക്കഞ്ചേരി പോലീസില്‍ പരാതിനല്‍കുമെന്നും ശ്രുതിയുടെ അച്ഛന്‍ ശിവനും അമ്മ മേരിയും പറഞ്ഞു. ശ്രുതിയുടെ ശരീരത്തില്‍ തീ പടര്‍ന്ന ഉടന്‍ അണയ്ക്കാമായിരുന്നിട്ടും കുട്ടികളുടെ കരച്ചില്‍കേട്ട് അയല്‍വാസികളെത്തിയപ്പോഴാണ് ശ്രീജിത്ത് തീയണയ്ക്കാന്‍ ശ്രമിച്ചത്. മക്കള്‍ക്ക് സത്യമറിയാമെന്നും സംഭവശേഷം ശ്രീജിത്തിന്റെ വീട്ടുകാര്‍ മക്കളെ പേടിപ്പിച്ചുനിര്‍ത്തിയിരിക്കയാണെന്നും ഇവര്‍ ആരോപിച്ചു.

ശ്രുതിയുടെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശ്രീജിത്തിന്റെ കൈകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മക്കളില്‍നിന്നെടുത്ത മൊഴിയുടെയും ശ്രുതി മരിക്കുന്നതിനുമുമ്പ് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  12 വര്‍ഷം മുന്‍പാണ് ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്.