ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചവരിൽ രണ്ട് ഡോസ് വാക്സിൻ എടുത്തയാളും, സ്രോതസ് കണ്ടെത്താൻ അന്വേഷണം തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 08:17 AM  |  

Last Updated: 24th June 2021 08:17 AM  |   A+A-   |  

Delta variant

ഫയൽ ചിത്രം

 

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദം ഡെൽറ്റ പ്ലസ് സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേരിൽ സ്ഥിരീകരിച്ചപ്പോൾ അതിൽ ഒരാൾ 2 ഡോസ് വാക്സിനും എടുത്തിരുന്നതായി കണ്ടെത്തി. ഇതോടെ സ്രോതസ്സ് കണ്ടെത്തുന്നതിനായി എപ്പിഡെമിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു. 

വാക്സിൻ സ്വീകരിച്ചതിന് ശേഷവും കോവിഡ് പിടിപെടുന്ന ‘ബ്രേക്ക്ത്രൂ’ കേസിന് ഡെൽറ്റ പ്ലസ് കാരണമായതോടെ കർശന ജാഗ്രത പാലിക്കണമെന്ന നിർദേശം ആരോ​ഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഡെൽറ്റ പ്ലസ് വകഭേദത്തിൽ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ മുന്നറിയിപ്പു നൽകിയിരുന്നു.

പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളതാണ് ഡെൽറ്റ് പ്ലസ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിവേഗ വ്യാപനത്തിനും സാധ്യതയുണ്ട്. എന്നാൽ വാക്സിൻ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി മറ്റു വകഭേദങ്ങൾക്കു സമാനമാണ്. കേരളത്തിൽ പത്തനംതിട്ടയിലും പാലക്കാട്ടുമുൾപ്പെടെ രാജ്യത്ത് 40 ഇടങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കോവിഡ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കടപ്ര പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ ഒരുകുട്ടിക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥീരീകരിച്ചത്. കോളനി മേഖലയില്‍ കോവിഡ് ബാധിച്ച 17 പേരെ പരിശോധിച്ചപ്പോഴാണ് ഒരാള്‍ക്ക് ഡെല്‍റ്റപ്ലസ് കണ്ടെത്തിയത്