സംസ്ഥാനത്ത് ബിരുദ- ബിരുദാനന്തര പരീക്ഷകൾക്ക് നാളെ തുടക്കം; വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

By സമകാലിക മലയാളം ഡെസ്ക്  |   Published: 27th June 2021 09:17 PM  |  

Last Updated: 27th June 2021 09:17 PM  |   A+A-   |  

college students vaccine

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തര പരീക്ഷകൾ നാളെ ആരംഭിക്കും. വിദ്യാർത്ഥികളുടെ എതിർപ്പുകൾക്കിടെയാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷകൾ നടത്താൻ സർക്കാർ സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് പരീക്ഷകൾക്ക് നാളെ തുടക്കമാകുന്നത്. രോഗ വ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. 

അതിനിടെ പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യുന്നതിന് ഒരു വിധത്തിലും തടസം ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഡ് വ്യാപനം കുറയാത്തതടക്കമുള്ള ആശങ്കകളാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും പങ്കുവെയ്ക്കുന്നത്. വാക്സിൻ എല്ലാവർക്കും ലഭിച്ചില്ലെന്നതും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് സർവകലാശാലകൾ വിശദീകരിക്കുന്നത്. പരീക്ഷ മാറ്റിവെയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും സർവകലാശാലകൾ വ്യക്തമാക്കി. 

സർവകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളജുകളിൽ 435 കുട്ടികൾക്ക് പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ചെന്ന് കേരള സർവകലാശാല അറിയിച്ചിട്ടുണ്ട്. ബിഎസ്‌സി, ബി ക്കോം പരീക്ഷകൾ രാവിലെയും ബിഎ പരീക്ഷകൾ ഉച്ചക്കുമാണ് നടക്കുക. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കും.