ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണത്തിന് ഇനി പ്രാദേശിക സര്‍ക്കാരുകളുടെ അനുമതി മതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2021 06:21 PM  |  

Last Updated: 29th June 2021 08:01 PM  |   A+A-   |  

temple

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് ഇനിമുതല്‍ പ്രാദേശിക സര്‍ക്കാരുകളുടെ ഭരണസമിതികളുടെ അനുവാദം മതിയാകും. നേരത്തെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ അനുമതി പത്രം വേണമായിരുന്നു. എങ്കില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരാധനലായങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നമ്പറും നല്‍കുമായിരുന്നുള്ളു.

പുതിയ തീരുമാനത്തിലൂടെ അതാത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസിലാക്കിക്കൊണ്ട് തീരുമാനമെടുക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കും. ആരാധനാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കും ആവശ്യമായ തീരുമാനങ്ങള്‍ക്കായി കലക്ടറേറ്റിനെ ആശ്രയിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രാദേശികമായി തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സാഹചര്യമാണ് ഉണ്ടാവുന്നത്.

ജനങ്ങള്‍ക്ക് അവരുടേതായ വിശ്വാസങ്ങളിലേര്‍പ്പെടുന്നതിന് സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസ്സങ്ങളും കാലതാമസവും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവിലൂടെ ഇല്ലാതാവുകയാണ്.