പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം മൂടിവച്ചു, ഫോൺ പരിശോധിച്ചില്ല, സാക്ഷികളെ ചോദ്യം ചെയ്തില്ല; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 07:52 AM  |  

Last Updated: 30th June 2021 07:52 AM  |   A+A-   |  

POLICE SUSPENDED

പ്രതീകാത്മക ചിത്രം

 

കൊച്ചി; 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിച്ച മൂന്നു പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. കുമളി മുൻ പ്രിൻസിപ്പൽ എസ്ഐയും നിലവിൽ കാലടി എസ്ഐയുമായ പ്രശാന്ത് പി.നായർ, കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ ബെർട്ടിൻ ജോസ്, അക്ബർ സാദത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന് പോസ്റ്റു മോർട്ടം റിപ്പോർട്ടുണ്ടായിട്ടും ഉദ്യോ​ഗസ്ഥർ ഇത് മൂടിവയ്ക്കുകയായിരുന്നു. 

ഇടുക്കി എസ്പിയുടെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്കുമാറാണ് 3 പേരെയും സസ്പെൻഡ് ചെയ്തത്. കേസിൽ ദൂരൂഹതയുണ്ടെന്ന സംസ്ഥാന പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ‌.കറുപ്പസാമി നടപടിക്കു ശുപാർശ ചെയ്തത്.  

നവംബർ 7നാണ് രാജസ്ഥാൻ ദമ്പതികളുടെ മകളായ പതിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുമളിയിൽ ഹോട്ടൽ നടത്തുന്ന പിതാവ് സ്വദേശത്തേക്കു പോയ സമയത്താണ് സംഭവം. അമ്മയും മകളും തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്ന് മകൾ മുറിയിൽ കയറി കതകടച്ചുവെന്നും ഒരു ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നുമാണ് അമ്മ പൊലീസിനോടു പറഞ്ഞത്. 

പോസ്റ്റുമോർട്ടത്തിൽ കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ കേസിന്റെ അന്വേഷണം എസ്ഐയിൽ നിന്നു മാറ്റി കുമളി എസ്എച്ച്ഒയെ ഏൽപിച്ചു. എന്നാൽ മാതാപിതാക്കൾ രാജസ്ഥാനിലേക്കു തിരികെ പോയതോടെ പൊലീസിന്റെ അന്വേഷണം മന്ദഗതിയിലായി. ഇതിനിടെ ആദ്യം കേസന്വേഷിച്ച എസ്എച്ച്ഒയെയും സ്ഥലം മാറ്റി. അടുത്തിടെ പൊലീസ് ഇന്റലിജൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയത്. 

പെൺകുട്ടിയുടെ ഫോൺ കണ്ടെത്തിയെങ്കിലും ഇതു പരിശോധിച്ചില്ല, കുട്ടിയുടെ കെയർടേക്കറായി കൂടെയുണ്ടായിരുന്ന മലയാളി യുവാവിനെ ചോദ്യം ചെയ്തില്ല, മാതാപിതാക്കൾ അടക്കമുള്ള സാക്ഷികളെ വിശദമായി ചോദ്യം ചെയ്തിട്ടില്ല തുടങ്ങിയ ഗുരുതര പിഴവുകൾ ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. നിലവി‍ൽ ഇടുക്കി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.