കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രധാനി സൂഫിയാന്‍ പൊലീസ് കസ്റ്റഡിയില്‍

രാമനാട്ടുകരയില്‍  വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന്‍ എത്തിയിരുന്നു
സൂഫിയാന്‍ / ഫയല്‍ ചിത്രം
സൂഫിയാന്‍ / ഫയല്‍ ചിത്രം

കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രധാനി സൂഫിയാന്‍ പൊലീസ് കസ്റ്റഡിയില്‍. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. കൊടുവള്ളി സ്വദേശിയാണ് സൂഫിയാന്‍. രാമനാട്ടുകര വാഹനാപകടക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രധാനപ്രതികളിലൊരാളാണ് സൂഫിയാന്‍. 

രാമനാട്ടുകരയില്‍  വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന്‍ എത്തിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് കൊടുവള്ളി കേന്ദ്രമായിട്ടുള്ള സംഘത്തെ ഏകോപിപ്പിച്ചിരുന്നത് സൂഫിയാന്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്ത സൂഫിയാനെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. 

രാമനാട്ടുകരയില്‍ വാഹനാപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൂഫിയാന്‍ വന്നിരുന്നു. സൂഫിയാന്റെ വാഹനം എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു. സൂഫിയാന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുവള്ളി സംഘം കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ സംഘം തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

ഇത് കണക്കിലെടുത്ത് കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം സുരക്ഷിതമായി കൊടുവള്ളിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂഫിയാനും ക്വട്ടേഷന്‍ സംഘങ്ങളും കരിപ്പൂരില്‍ എത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള 15 അംഗ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com